പ്ലാനറ്റ് X2  (Patryk Sofia Lykawka/SpaceEngine)
Queensland

നെപ്റ്റ്യൂണിന് അപ്പുറം ഭൂമിയേക്കാൾ വലിപ്പമുള്ള മറഞ്ഞ ഗ്രഹമുണ്ടോ? പുതിയ സൂചനകളുമായി ഗവേഷകർ

PX2യുടെ ഗുരുത്വാകർഷണം മഞ്ഞുപാളികളുള്ള വസ്തുക്കളെ നെപ്റ്റ്യൂണിന്റെ സ്വാധീനത്തിൽ നിന്ന് അകറ്റുകയോ വളരെ ചരിഞ്ഞ ഭ്രമണപഥങ്ങളിലേക്ക് മാറ്റുകയോ ചെയ്യാമെന്നാണ് മാതൃക സൂചിപ്പിക്കുന്നത്.

Safvana Jouhar

നെപ്റ്റ്യൂണിന് അപ്പുറം ഭൂമിയുടെ വലിപ്പത്തിന്റെ ഏകദേശം ഇരട്ടിയോളം വരുന്ന ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുണ്ടാകാമെന്ന സാധ്യതയിലേക്ക് പുതിയ ഗവേഷണം വിരൽചൂണ്ടുന്നു. സൗത്ത് ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകരും ഉൾപ്പെട്ട സംഘം 'പ്ലാനറ്റ് X2' (PX2) എന്ന് പേരിട്ട സാങ്കൽപ്പിക ഗ്രഹത്തിന്റെ മാതൃകയാണ് വികസിപ്പിച്ചത്. ഗ്രഹം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഭൂമിയുടെ 1.5 മുതൽ രണ്ട് മടങ്ങ് വരെ പിണ്ഡമുണ്ടാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. സൂര്യനിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തേക്കാൾ നൂറുകണക്കിന് മടങ്ങ് അകലെയായിരിക്കാം ഇതിന്റെ ഭ്രമണപഥമെന്നും പഠനം സൂചിപ്പിക്കുന്നു.

“പതിറ്റാണ്ടുകളായി സൗരയൂഥത്തെ മാപ്പ് ചെയ്തതിന് ശേഷം, ഇത്രയും കാലം മറ്റൊരു ഗ്രഹം നമ്മുടെ ശ്രദ്ധയിൽപ്പെടാതെ ഒളിച്ചിരുന്നുവെന്ന് കണ്ടെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ,” UniSQയിലെ അനുബന്ധ അസോസിയേറ്റ് പ്രൊഫസർ പാട്രിക് സോഫിയ ലികാവ്ക പറഞ്ഞു. ഈ ഗ്രഹം യഥാർഥത്തിൽ നിലവിലുണ്ടെങ്കിൽ സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഏറ്റവും ദൂരെയുള്ള വസ്തുക്കൾ അസാധാരണമായ ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും നമ്മുടെ ധാരണ മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ ഭ്രമണപഥങ്ങളിലുള്ള മഞ്ഞുപാളി വസ്തുക്കൾ

നെപ്റ്റ്യൂണിന് അപ്പുറം ട്രാൻസ്-നെപ്റ്റ്യൂണിയൻ ഒബ്ജക്റ്റുകൾ (Trans-Neptunian Objects) എന്നറിയപ്പെടുന്ന മഞ്ഞുപാളികളുള്ള വസ്തുക്കളുടെ ഒരു കൂട്ടമുണ്ട്. ഇവയിൽ പലതും കൈപ്പർ ബെൽറ്റിൽ സൂര്യനെ ചുറ്റുമ്പോൾ ചിലത് വളരെ നീണ്ടതോ ചരിഞ്ഞതോ ആയ ഭ്രമണപഥങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അറിയപ്പെടുന്ന എട്ട് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം മാത്രം ഉപയോഗിച്ച് ഈ ഭ്രമണപഥങ്ങളെ വിശദീകരിക്കാൻ കഴിയുന്നില്ല. ഇവയിൽ സെഡ്ന എന്ന കുള്ളൻ ഗ്രഹത്തിന്റെ ഭ്രമണപഥം അതീവ അസാധാരണമാണ്. ഇത് സൗരയൂഥത്തിന്റെ പുറം മേഖലകളിലേക്ക് വളരെ ദൂരത്തേക്ക് സഞ്ചരിക്കുന്നു.

4.5 ബില്യൺ വർഷത്തെ സൗരയൂഥ ചരിത്രം ഉൾപ്പെടുത്തി ഗവേഷകർ കമ്പ്യൂട്ടർ സിമുലേഷനുകൾ നടത്തി. കണ്ടെത്താത്ത ഒരു ഗ്രഹത്തിന് ഈ അസാധാരണ ഭ്രമണപഥങ്ങളിൽ ചിലത് വിശദീകരിക്കാൻ കഴിയുമോ എന്നായിരുന്നു പരിശോധന. PX2യുടെ ഗുരുത്വാകർഷണം മഞ്ഞുപാളികളുള്ള വസ്തുക്കളെ നെപ്റ്റ്യൂണിന്റെ സ്വാധീനത്തിൽ നിന്ന് അകറ്റുകയോ വളരെ ചരിഞ്ഞ ഭ്രമണപഥങ്ങളിലേക്ക് മാറ്റുകയോ ചെയ്യാമെന്നാണ് മാതൃക സൂചിപ്പിക്കുന്നത്. “ദൂരെയുള്ള മഞ്ഞുപാളി വസ്തുക്കളിൽ നിരീക്ഷിച്ചിട്ടുള്ള അസാധാരണ ഭ്രമണപഥങ്ങളുടെ പല രീതികളും ഞങ്ങളുടെ മാതൃക വിശദീകരിക്കുന്നുണ്ട്. എന്നാൽ നിരീക്ഷണങ്ങളും മാതൃകയും തമ്മിൽ ഇപ്പോഴും ചില വ്യത്യാസങ്ങളുണ്ട്. അവ കൂടുതൽ പഠിക്കേണ്ടതുണ്ട്,” ലികാവ്ക പറഞ്ഞു. PX2യുടെ ഭ്രമണപഥം വളരെ വലിയ ദീർഘവൃത്താകൃതിയിലായിരിക്കാമെന്നും സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ പോലും കുറഞ്ഞത് 200 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെയായിരിക്കാമെന്നും മാതൃക സൂചിപ്പിക്കുന്നു. ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരമാണ്.

പ്ലാനറ്റ് X തിരച്ചിൽ വീണ്ടും സജീവമാകുന്നു

നെപ്റ്റ്യൂണിന് അപ്പുറം ഒരു ഗ്രഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പെർസിവൽ ലോവൽ നടത്തിയ 'പ്ലാനറ്റ് X' തിരച്ചിലാണ് 1930ൽ പ്ലൂട്ടോയുടെ കണ്ടെത്തലിലേക്ക് നയിച്ച അന്വേഷണങ്ങളിൽ പ്രധാനപ്പെട്ടത്. PX2, കൂടുതൽ വലിയ ഗ്രഹമുണ്ടാകാമെന്ന് പറയുന്ന 'പ്ലാനറ്റ് നൈൻ' സിദ്ധാന്തത്തിൽ നിന്ന് വ്യത്യസ്തമാണ്. ചില അസാധാരണ ഭ്രമണപഥങ്ങൾ വിശദീകരിക്കാൻ കൂടുതൽ ഭാരമുള്ള ഒരു ഗ്രഹം ഉണ്ടാകാമെന്നാണ് പ്ലാനറ്റ് നൈൻ സിദ്ധാന്തം പറയുന്നത്. ചിലിയിലെ വെര റൂബിൻ ഒബ്സർവേറ്ററിയുടെ ആകാശ സർവേയിൽ നിന്ന് ഈ സിദ്ധാന്തത്തിന് തെളിവുകൾ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. “ഈ ആശയം പരീക്ഷിച്ചുനോക്കാൻ ഇപ്പോൾ അവസരം ലഭിക്കുന്നു എന്നതാണ് ആവേശകരമായ കാര്യം,” UniSQ പ്രൊഫസർ ജോന്റി ഹോർണർ പറഞ്ഞു. റൂബിൻ ഒബ്സർവേറ്ററി ആകാശം നിരീക്ഷിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ വിദൂര മേഖലകളെക്കുറിച്ചും മറ്റൊരു ഗ്രഹം കണ്ടെത്താനാകുമോയെന്നതിനെക്കുറിച്ചും പുതിയ സൂചനകൾ ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

SCROLL FOR NEXT