ബ്രിസ്‌ബേൻ: സെൻട്രൽ ക്വീൻസ്‌ലൻഡിലെ തങ്ങളുടെ അഞ്ച് പ്രമുഖ സ്റ്റീൽ നിർമ്മാണ കൽക്കരി ഖനികൾ യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള ഖനന കമ്പനിയായ 'ദിൽമർ ലിമിറ്റഡിന്' (Dhilmar Ltd) വിറ്റതായി ആംഗ്ലോ അമേരിക്കൻ പ്രഖ്യാപിച്ചു. 5.43 ബില്യൺ ഡോളർ (ഏകദേശം 543 കോടി ഡോളർ) വരെ മൂല്യം വരുന്നതാണ് ഈ വമ്പൻ കരാർ. മൊറാൻബ നോർത്ത് (Moranbah North), ഗ്രോസ്‌വെനർ (Grosvenor), കാപ്കോൾ, റോപ്പർ ക്രീക്ക്, ഡോസൺ സൗത്ത്, തിയോഡോർ സൗത്ത് എന്നീ സംയുക്ത സംരംഭങ്ങളിലുള്ള ആംഗ്ലോ അമേരിക്കന്റെ ഓഹരി പങ്കാളിത്തമാണ് പുതിയ കരാറിലൂടെ കൈമാറുന്നത്.
വെറുമൊരു ഖനന കരാർ എന്നതിനപ്പുറം മിഡിൽമൗണ്ട് എന്ന ഒരു നഗരത്തിന്റെ തന്നെ കൈമാറ്റമാണ് ഇതിലൂടെ നടക്കുന്നത്. കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച്, ഖനികളിലെ തൊഴിലാളികൾക്കായി കമ്പനി ഒരുക്കിയിട്ടുള്ള എണ്ണൂറിലധികം വീടുകൾ, ഷോപ്പിംഗ് സെന്റർ, ചൈൽഡ് കെയർ സൗകര്യങ്ങൾ, മെഡിക്കൽ സെന്റർ എന്നിവയും ജലവിതരണ സംവിധാനങ്ങളും ഈ വിൽപനയുടെ ഭാഗമായി യു.കെ കമ്പനിയുടെ നിയന്ത്രണത്തിലാകും. ഒരു വലിയ ജനസമൂഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ബാധിക്കുന്ന ഒന്നായതിനാൽ തൊഴിലാളികളുടെ ജോലി സ്ഥിരതയ്ക്കും പ്രാദേശിക വികസനത്തിനുമായിരിക്കും തങ്ങൾ മുൻഗണന നൽകുകയെന്ന് ഐസക് റീജിയണൽ കൗൺസിൽ മേയർ കെല്ലി വിയ വിയ പ്രതികരിച്ചു.
അമേരിക്കൻ ഖനന കമ്പനിയായ പീബോഡി എനർജിയുമായി (Peabody Energy) നേരത്തെ നിശ്ചയിച്ചിരുന്ന കരാർ തകർന്നതിനെത്തുടർന്നാണ് ഇപ്പോൾ ദിൽമറുമായി പുതിയ ധാരണയിലെത്തിയത്. മൊറാൻബ നോർത്ത് ഭൂഗർഭ ഖനിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് പീബോഡി എനർജി ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറിയിരുന്നു. ഇത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിലും കാനഡയിലും വലിയ ഖനന ആസ്തികൾ വിജയകരമായി നടത്തി പരിചയമുള്ള ദിൽമർ ലിമിറ്റഡിന് കീഴിൽ സുരക്ഷിതമായ ഒരു ഭരണമാറ്റം സാധ്യമാക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആംഗ്ലോ അമേരിക്കൻ ചീഫ് എക്സിക്യൂട്ടീവ് ഡങ്കൻ വാൻബ്ലാഡ് അറിയിച്ചു.