ക്വീൻസ്ലാൻഡിലെ ഫാർ നോർത്ത് മേഖലയിൽ വംശനാശഭീഷണി നേരിടുന്ന കാസോവറി പക്ഷികൾ റോഡപകടങ്ങളിൽ ചത്തൊടുങ്ങുന്നത് വർധിക്കുന്നു. പക്ഷികളെ തിരിച്ചറിഞ്ഞ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയിച്ചിട്ടും പദ്ധതി വ്യാപിപ്പിക്കാത്തതിനെതിരെ പരിസ്ഥിതി പ്രവർത്തകരും സംരക്ഷണ സംഘടനകളും രംഗത്തെത്തി.
പരിസ്ഥിതി, ടൂറിസം, ശാസ്ത്രം, നവീകരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026ൽ ഇതുവരെ ക്വീൻസ്ലാൻഡിലെ റോഡുകളിൽ കുറഞ്ഞത് 22 കാസോവറി പക്ഷികളാണ് ചത്തത്. 2022 മുതൽ പ്രതിവർഷം 11 മുതൽ 13 വരെ പക്ഷികൾ റോഡപകടങ്ങളിൽ ചത്തിരുന്ന സ്ഥാനത്താണ് ഇത്തവണ മരണസംഖ്യ ഏകദേശം ഇരട്ടിയായത്. പരിക്കേറ്റ കാസോവറി പക്ഷികളെ ചികിത്സിക്കുന്ന ട്രോപ്പിക്കൽ വെറ്റ്സ് ഡയറക്ടർ ഗ്രഹാം ലോറിഡ്സൺ പറയുന്നതനുസരിച്ച് ഈ വർഷം തുടക്കത്തിൽ തുടർച്ചയായി ആഴ്ചകളോളം പക്ഷികൾ അപകടത്തിൽപ്പെട്ടിരുന്നു. “ഏകദേശം ആറാഴ്ചയോളം ഓരോ ആഴ്ചയും ഒന്നിനു പിന്നാലെ ഒന്നായി പക്ഷികൾ ചത്ത സംഭവങ്ങളുണ്ടായി,” അദ്ദേഹം പറഞ്ഞു.
97 ശതമാനം കൃത്യതയിൽ പക്ഷികളെ തിരിച്ചറിഞ്ഞ AI സംവിധാനം
2025 ജൂലൈയിൽ കെന്നഡി ഹൈവേയിലെ കുരണ്ടയിൽ ക്വീൻസ്ലാൻഡ് ഗതാഗത വകുപ്പ് (TMR) AI അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായതായി പ്രഖ്യാപിച്ചിരുന്നു. കെയിൻസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള കുരണ്ടയിൽ മൂന്ന് മാസത്തേക്കായിരുന്നു പരീക്ഷണം. റോഡിന് സമീപമെത്തുന്ന കാസോവറി പക്ഷികളെ AI സംവിധാനം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് ബോർഡുകൾ പ്രവർത്തിപ്പിക്കുന്ന രീതിയിലായിരുന്നു പദ്ധതി. പക്ഷികളെ തിരിച്ചറിയുന്നതിൽ 97 ശതമാനം കൃത്യത കൈവരിച്ചെന്നും വാഹനമിടിച്ച് പക്ഷികൾ ചത്തുപോകുന്ന സംഭവങ്ങളിൽ 31 ശതമാനം കുറവുണ്ടായെന്നും വകുപ്പ് അറിയിച്ചിരുന്നു. പരീക്ഷണത്തിനുശേഷം കാസോവറി റിക്കവറി ടീം (CRT) വിവിധ സംഘടനകളുടെയും വിദഗ്ധരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ശിൽപശാല സംഘടിപ്പിച്ചു. പക്ഷികൾ കൂടുതലായി അപകടത്തിൽപ്പെടുന്ന അഞ്ച് റോഡ് മേഖലകൾ കണ്ടെത്തി അവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
മിഷൻ ബീച്ചിൽ പദ്ധതി നടപ്പാക്കാത്തതിൽ ആശങ്ക
കെയിൻസിൽനിന്ന് ഏകദേശം 140 കിലോമീറ്റർ തെക്കുള്ള കാസോവറി കോസ്റ്റ് മേഖലയിലെ താമസക്കാർ പദ്ധതി അടുത്തതായി തങ്ങളുടെ പ്രദേശത്ത് നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. മിഷൻ ബീച്ച് കാസോവറീസ് പ്രസിഡന്റ് ലിസ് ഗാലി പറയുന്നതനുസരിച്ച്, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. സെപ്റ്റംബറിൽ ഗാലി ബന്ധപ്പെട്ട മന്ത്രിക്ക് കത്തയച്ചിരുന്നു. ഒക്ടോബറിൽ ലഭിച്ച മറുപടിയിൽ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് അറിയിച്ചെങ്കിലും തുടർപദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. “പക്ഷികൾ എവിടെയാണ് അപകടത്തിൽപ്പെടുന്നതെന്ന് ഞങ്ങൾക്കറിയാം. സാങ്കേതികവിദ്യയും നമ്മുടെ കൈവശമുണ്ട്. മിഷൻ ബീച്ചിൽ അത് നടപ്പാക്കുക മാത്രമാണ് ഇനി വേണ്ടത്,” ഗാലി പറഞ്ഞു. ഓരോ കാസോവറി പക്ഷിയുടെയും മരണം പ്രദേശവാസികളെ മാനസികമായി ബാധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പക്ഷികളുടെ പ്രജനനകാലം അവസാനിച്ചതോടെ കൂടുതൽ ആശങ്ക
കാസോവറി റിക്കവറി ടീമിലും അംഗമായ ഡോ. ലോറിഡ്സൺ, AI സാങ്കേതികവിദ്യ കൂടുതൽ പ്രദേശങ്ങളിൽ നടപ്പാക്കാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് പറഞ്ഞു. പ്രജനനകാലം അവസാനിക്കുന്ന ഈ സമയത്ത് കുഞ്ഞുപക്ഷികൾ റോഡുകളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ അടിയന്തര നടപടി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായി വലിയ ചുഴലിക്കാറ്റുകൾ ഇല്ലാത്തതിനാൽ കാസോവറി പക്ഷികളുടെ എണ്ണം മെച്ചപ്പെട്ടതും പക്ഷികളുടെ മരണങ്ങൾ കൂടുതൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും കണക്കുകളിൽ വർധനവിന് കാരണമായിരിക്കാമെന്ന് അദ്ദേഹം വിലയിരുത്തി. എന്നാൽ അതിന്റെ പേരിൽ സംരക്ഷണ നടപടികൾ നിർത്തിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ മുന്നറിയിപ്പ് ബോർഡുകൾക്ക് പകരം പക്ഷികൾ എത്തുമ്പോൾ മാത്രം പ്രവർത്തിക്കുന്ന AI സംവിധാനം വാഹനയാത്രക്കാർക്ക് കൂടുതൽ ഫലപ്രദമായ മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹ ബോധവത്കരണ പരിപാടിയുമായി സർക്കാർ
AI മുന്നറിയിപ്പ് ബോർഡുകൾ കാസോവറി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എങ്ങനെ ഉൾപ്പെടുത്താമെന്നത് പരിശോധിച്ചുവരികയാണെന്ന് ക്വീൻസ്ലാൻഡ് ഗതാഗത വകുപ്പ് വക്താവ് അറിയിച്ചു. എന്നാൽ പുതിയ പരീക്ഷണങ്ങൾക്കോ പദ്ധതിയുടെ വ്യാപനത്തിനോ അധിക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, ടുള്ളി, ഇന്നിസ്ഫെയിൽ എന്നിവയ്ക്ക് സമീപമുള്ള ബ്രൂസ് ഹൈവേയിൽ രണ്ട് സ്ഥിരം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്ന പരിപാടി സർക്കാർ തുടരുകയാണെന്നും വക്താവ് പറഞ്ഞു. AI മുന്നറിയിപ്പ് ബോർഡുകൾ വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കാസോവറി റിക്കവറി ടീമിലെ അംഗങ്ങൾ ഇപ്പോഴത്തെ സാഹചര്യം നിരാശാജനകമാണെന്ന് കുരണ്ട കൺസർവേഷൻ കമ്മ്യൂണിറ്റി നഴ്സറിയിലെ ജാക്സ് ബെർഗേഴ്സൻ പറഞ്ഞു. പരിസ്ഥിതിയും പ്രകൃതിയും തന്നെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നതെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.