കാൻബറ: അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് നൽകുന്ന ആംബുലൻസ് സേവനങ്ങൾ സൗജന്യമാക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ACT) സർക്കാർ. നിലവിൽ ആംബുലൻസ് ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുള്ള ക്വീൻസ്‌ലൻഡ്, ടാസ്മാനിയൻ സർക്കാരുകളുമായി എസിടി അധികൃതർ ചർച്ചകൾ നടത്തി. നിലവിൽ കാൻബറയിൽ ഒരു അടിയന്തര ആംബുലൻസ് കോളിനും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കും 1,180 ഡോളറാണ് (ഏകദേശം 65,000 ഇന്ത്യൻ രൂപ) ചെലവ് വരുന്നത്. അതിർത്തിക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 15 ഡോളർ വീതം അധികവും ഈടാക്കുന്നുണ്ട്.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർ ഉയർന്ന ചെലവ് ഭയന്ന് അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസ് വിളിക്കാൻ മടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എസിടി ഗ്രീൻസ് ദീർഘനാളായി ഈ ആവശ്യം ഉന്നയിച്ചുവരികയാണ്. പദ്ധതി നടപ്പാക്കാനുള്ള സാമ്പത്തിക ചെലവുകളെക്കുറിച്ചും പ്രായോഗിക വശങ്ങളെക്കുറിച്ചും ലെജിസ്ലേറ്റീവ് അസംബ്ലി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയാണ്. എന്നാൽ, ആംബുലൻസ് സൗജന്യമാക്കുന്നത് ജനങ്ങൾ സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിക്കുന്നതിനും ആരോഗ്യ മേഖലയിൽ അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതിനും കാരണമായേക്കുമോ എന്ന ആശങ്കയും അധികൃതർ പങ്കുവെക്കുന്നുണ്ട്. നിലവിൽ പെൻഷൻകാർ, കാർ അപകടങ്ങളിൽ പരിക്കേറ്റവർ, വിദ്യാർത്ഥികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് ഇളവുകൾ ലഭ്യമാണെങ്കിലും പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ ചെലവ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് അടുത്ത വർഷം ഫെബ്രുവരിയിൽ സർക്കാർ പാർലമെന്റിൽ സമർപ്പിക്കും.