Nirali Vadgama   (ABC Wide Bay: Nikki Sorbello)
Queensland

ഓസ്‌ട്രേലിയയിൽ ആദ്യ തദ്ദേശീയ ഉടമസ്ഥതയിലുള്ള ജലപരിശോധനാ ലാബ് തുറന്നു

പരമ്പരാഗത ഉടമകളായ ബലൈ, ഗുറാങ്, ഗൂറിങ് ഗൂറിങ്, ടാരിബെലാങ് ബുണ്ട വിഭാഗങ്ങൾക്കുവേണ്ടി ഗിഡാർജിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കിയത്.

Safvana Jouhar

ഓസ്‌ട്രേലിയയിലെ ആദ്യ തദ്ദേശീയ ഉടമസ്ഥതയിലുള്ള ജലപരിശോധനാ ലബോറട്ടറി ക്വീൻസ്‌ലൻഡിലെ ബണ്ടാബെർഗിൽ പ്രവർത്തനം ആരംഭിച്ചു. പരമ്പരാഗത ഭൂവുടമകൾക്ക് തങ്ങളുടെ കടൽപ്രദേശങ്ങളുടെയും ഭൂമിയുടെയും പരിപാലനത്തിൽ കൂടുതൽ പങ്കാളികളാകാനും ജലഗുണനിലവാരം സ്വയം പരിശോധിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ലാബ്. ഗുറാങ് ഭാഷയിൽ 'വെള്ളം പരിശോധിക്കുക' എന്നർഥമുള്ള 'ന്യാംഗിം ഗുങ്' എന്നാണ് ലാബിന് പേര് നൽകിയിരിക്കുന്നത്. ബ്രിസ്ബേനിൽനിന്ന് 400 കിലോമീറ്റർ വടക്കുള്ള ബണ്ടാബെർഗ് തുറമുഖത്ത് ബർനെറ്റ് നദിക്ക് സമീപമാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത ഉടമകളായ ബലൈ, ഗുറാങ്, ഗൂറിങ് ഗൂറിങ്, ടാരിബെലാങ് ബുണ്ട വിഭാഗങ്ങൾക്കുവേണ്ടി ഗിഡാർജിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കിയത്.

2022 മുതൽ ലാബ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിസ്ഥിതി ശാസ്ത്രജ്ഞയും ലാബ് മാനേജരുമായ നിരാലി വഡ്ഗാമയാണ്. നാഷണൽ അസോസിയേഷൻ ഓഫ് ടെസ്റ്റിങ് അതോറിറ്റീസിന്റെ അംഗീകാരം സെപ്റ്റംബറിൽ ലഭിച്ചതോടെ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പരിശോധനകൾ നടത്താൻ ലാബിന് അനുമതിയായി. പ്രാദേശിക മേഖലകളിലും ശാസ്ത്രഗവേഷണത്തിന് മികച്ച സാധ്യതകൾ ഒരുക്കാൻ ഇതിലൂടെ കഴിയുമെന്ന് നിരാലി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും ഓട്ടോമേഷൻ സംവിധാനങ്ങളും ഉപയോഗിച്ചാണ് ലാബ് പ്രവർത്തിക്കുന്നത്. പോഷകഘടകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, ജലത്തിന്റെ കാഠിന്യം, ക്ഷാരഗുണം തുടങ്ങിയവ പരിശോധിക്കാനാകും. കടൽവെള്ള പരിശോധനയിലാണ് പ്രത്യേക ശ്രദ്ധയെങ്കിലും നദീജലം, ശുദ്ധജലം, ഉപ്പും ശുദ്ധജലവും കലർന്ന ജലം എന്നിവയും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗിഡാർജിലിന്റെ തദ്ദേശീയ റേഞ്ചർമാർ ശേഖരിക്കുന്ന ജലസാമ്പിളുകളാണ് പ്രധാനമായും ഇവിടെ പരിശോധിക്കുക. ഇതിലൂടെ ജലഗുണനിലവാരം നിരീക്ഷിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും കഴിയും. മറ്റ് സ്ഥാപനങ്ങൾക്കും പരിശോധനാ സേവനങ്ങൾ നൽകുന്നതിലൂടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അധിക വരുമാനവും ലഭിക്കും.

ന്യാംഗിം ഗുങ്' എന്നാണ് ലാബിന് പേര് നൽകിയിരിക്കുന്നത്.

സ്വയംനിർണയത്തിലേക്കുള്ള ചുവടുവെപ്പ്

ലാബ് സ്ഥാപിക്കാനുള്ള തീരുമാനം പതിവ് ചിന്തകൾക്കപ്പുറമുള്ള ആശയമായിരുന്നുവെന്ന് ഗിഡാർജിൽ ചീഫ് എക്സിക്യൂട്ടീവ് മാർഗരറ്റ് ബ്ലാക്ക്മാൻ പറഞ്ഞു. ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിലുള്ള മറ്റ് തദ്ദേശീയ സംഘടനകൾക്കും സ്വന്തം ഭൂമിയും കടൽപ്രദേശങ്ങളും പരിപാലിക്കാനുള്ള ശേഷി വളർത്തുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നേരത്തെ പരമ്പരാഗത ഭൂമികളിൽനിന്ന് ശേഖരിച്ച ജലസാമ്പിളുകൾ പരിശോധനയ്ക്കായി ബ്രിസ്ബേനിലേക്ക് അയയ്ക്കേണ്ടിയിരുന്നു. പ്രാദേശികമായി തന്നെ പരിശോധന നടത്താനാകുന്നതോടെ ഫലങ്ങൾ വേഗത്തിൽ ലഭിക്കുകയും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിൽ തദ്ദേശീയ സമൂഹങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ശാസ്ത്രീയമായ അധികാരവും ലഭിക്കുകയും ചെയ്യും.

Biara Baron Wellington, Kelly Simpson, Tabitha Simpson and Shontelle

"ലോകം അംഗീകരിക്കുന്ന നിലവാരത്തിൽ സ്വന്തം ഭൂമിയിലെ വെള്ളം സ്വന്തം ജനങ്ങൾക്ക് തന്നെ പരിശോധിക്കാനാകും" എന്ന് മാർഗരറ്റ് പറഞ്ഞു. യുവ തദ്ദേശീയ നേതാക്കൾക്ക് ഭൂമിയുടെയും ജലവിഭവങ്ങളുടെയും പരിപാലനത്തിൽ പരിശീലനം നൽകുന്നതിനായി യാൽഗ ബിൻബി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നും പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടുന്ന യുവാക്കൾ ഭാവിയിൽ ശാസ്ത്രജ്ഞരായി വളർന്ന് ലാബിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു. ലാബിന്റെ അംഗീകാരത്തോടൊപ്പം ഗുറാങ് ഭാഷയിൽ 'ശക്തരായ സ്ത്രീകൾ' എന്നർഥമുള്ള 'ദുൽബ മുനി' എന്ന പേരിൽ ആദ്യ വനിതാ റേഞ്ചർ പദ്ധതിക്കും സംഘടന തുടക്കമിട്ടു. ലാബിൽ ഡാറ്റ രേഖപ്പെടുത്തുന്നതിനും ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി തയ്യാറാക്കുന്നതിനും ബിയാര ബാരൺ വെല്ലിങ്ടണും പങ്കാളിയാണ്. ജലസാമ്പിളുകൾ ശേഖരിച്ച സ്ഥലങ്ങളിലെ ജലത്തിന്റെ ആരോഗ്യനിലയും പരിശോധനാഫലങ്ങളും നേരിട്ട് മനസ്സിലാക്കാൻ കഴിയുന്നത് വലിയ അനുഭവമാണെന്ന് അവർ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി പൂർവികർ തുടർന്നുപോന്ന പ്രകൃതിസംരക്ഷണ പാരമ്പര്യം ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമാണ് ഈ പ്രവർത്തനമെന്നും സ്വന്തം ഭൂമിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കാൻ കഴിയുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും ബിയാര വ്യക്തമാക്കി.

SCROLL FOR NEXT