Health Minister Mark Butler NewsWire / Martin Ollman.
Australia

വയോധികർക്കുള്ള പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് റിബേറ്റ് വെട്ടിച്ചുരുക്കൽ: ബിൽ സെനറ്റിൽ തള്ളി

65 വയസും അതിൽ കൂടുതലുമുള്ളവരുടെ പ്രൈവറ്റ് ഹെൽത്ത് കവറേജ് റിബേറ്റ് വെട്ടിക്കുറച്ച് നാല് വർഷത്തിനുള്ളിൽ 3 ബില്യൺ ഡോളർ സമാഹരിച്ച് ഏജ്ഡ് കെയർ മേഖലയിലേക്ക് മാറ്റാനായിരുന്നു സർക്കാരിന്റെ പദ്ധതി.

Elizabath Joseph

കാൻബറ: ഓസ്‌ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് തിരിച്ചടിയാകുന്ന വിവാദ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് റിബേറ്റ് വെട്ടിച്ചുരുക്കൽ ബിൽ സെനറ്റിൽ വൻ തിരിച്ചടി നേരിട്ടു. പ്രതിപക്ഷമായ കോയലിഷനും ഗ്രീൻസും സ്വതന്ത്ര സെനറ്റർ ജാക്കി ലാംബിയും സംയുക്തമായി കൊണ്ടുവന്ന പ്രമേയത്തിലൂടെ ബിൽ പാർലമെന്റ് അജണ്ടയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. ഇതോടെ വയോധികരുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റു.

65 വയസും അതിൽ കൂടുതലുമുള്ളവരുടെ പ്രൈവറ്റ് ഹെൽത്ത് കവറേജ് റിബേറ്റ് വെട്ടിക്കുറച്ച് നാല് വർഷത്തിനുള്ളിൽ 3 ബില്യൺ ഡോളർ സമാഹരിച്ച് ഏജ്ഡ് കെയർ മേഖലയിലേക്ക് മാറ്റാനായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ, ഇതിൽ 1.6 ബില്യൺ ഡോളറും കുറഞ്ഞ വരുമാനമുള്ള പെൻഷൻകാരിൽ നിന്നാണ് ഈടാക്കുന്നതെന്ന വിവരം പുറത്തുവന്നതോടെയാണ് ഗ്രീൻസും സ്വതന്ത്ര അംഗങ്ങളും സർക്കാരിനെതിരെ നിലപാടെടുത്തത്. വൻകിട ഗ്യാസ് കമ്പനികളുടെ കൊള്ളലാഭത്തിന് നികുതി ചുമത്താതെ പാവപ്പെട്ട പെൻഷൻകാരുടെ ആനുകൂല്യം തട്ടിയെടുക്കാനാണ് ലേബർ സർക്കാർ ശ്രമിക്കുന്നതെന്ന് ഗ്രീൻസ് നേതാവ് ഡേവിഡ് ഷൂബ്രിഡ്ജ് ആരോപിച്ചു.

എന്നാൽ സെനറ്റിൽ ബിൽ തള്ളിയ നടപടി അങ്ങേയറ്റം നിരാശാജനകമാണെന്നും ഏജ്ഡ് കെയർ മേഖലയുടെ വികസനത്തിന് കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. പിന്മാറാൻ തയ്യാറല്ലെന്നും ഇതേ ബിൽ മാറ്റങ്ങളൊന്നുമില്ലാതെ വ്യാഴാഴ്ച വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വയോധികർക്കൊപ്പം സെനറ്റ് ഉറച്ചുനിന്നെന്നും ദുരഭിമാനം വെടിഞ്ഞ് ബിൽ പൂർണ്ണമായി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഷാഡോ ആരോഗ്യമന്ത്രി ആൻ റസ്റ്റൺ ആവശ്യപ്പെട്ടു.

SCROLL FOR NEXT