സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് തന്‍റെ തിരഞ്ഞെടുപ്പ് ഓഫീസ് അടച്ചു. മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മാരിക്ക്‌വില്ലിലെ ഇലക്ടറൽ ഓഫീസ് ആണ് പ്രതിഷേധക്കാരുടെ വർധനവ് മൂലം അടച്ചുപൂട്ടിയത്.
1993 മുതൽ സിഡ്‌നിയിലെ മാരിക്ക്‌വില്ലിലെ ഗ്രേൻഡ്‌ലർ മണ്ഡലത്തിന്റെ ഹൃദയഭാഗത്താണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഈ കാലയളവിൽ മൂന്ന് വർഷം ഒഴികെ, ആൽബനീസ് തന്നെയാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നത്. എന്നാൽ, സമീപകാലത്ത്, പ്രത്യേകിച്ച് ആൽബനീസ് സർക്കാരിന്റെ ഗാസ യുദ്ധത്തോടുള്ള നിലപാടിനെതിരെ പ്രതിഷേധിക്കുന്നവർ ഇവിടെ സ്ഥിരമായി എത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾ മൂലമുണ്ടായ തടസ്സങ്ങളാണ് ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
കഴിഞ്ഞ രണ്ട് വർഷങ്ങളായി, പ്രതിഷേധക്കാർ ഓഫീസിലേക്കുള്ള പ്രവേശനം ആവർത്തിച്ച് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് സഹായം തേടി വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി," പ്രധാനമന്ത്രി ഇഒരു പ്രസ്താവനയിൽ പറഞ്ഞു. "ഇത് സമാപത്തെ സെന്‍റ് ക്ലെമന്‍റ് സ് ദേവാലയത്തിലെത്തുന്നവർക്കും ശവസംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള മറ്റ് പള്ളി ആചാരങ്ങൾക്കും വലിയ തടസ്സം സൃഷ്ടിച്ചു." അദ്ദേഹം പ്രസ്ഥാവനയിൽ വിശദമാക്കി.
അതേസമയം, ആൽബനീസിന്റെ പുതിയ തിരഞ്ഞെടുപ്പ് ഓഫീസ് എവിടെയായിരിക്കുമെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഗ്രേൻഡ്‌ലറിന്റെ ഹൃദയഭാഗത്ത് ഒരു പുതിയ സ്ഥലത്ത് ഓഫീസ് തുറക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ സമയം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ, ഓൺലൈൻ, ടെലിഫോൺ എന്നിവ വഴി തിരഞ്ഞെടുപ്പ് ഓഫീസർമാർ മണ്ഡലത്തിന് തുടർന്നും സേവനം നൽകുമെന്നും ആൽബനീസ് അറിയിച്ചു.