(Picture: ACCC)
Australia

കുട്ടികൾക്കായുള്ള പ്ലാന്റ് ഗ്രോ കിറ്റ് തിരിച്ചുവിളിച്ചു; മണലിൽ ആസ്ബെസ്റ്റോസ് സാന്നിധ്യമെന്ന് ആശങ്ക

The Creativity for Kids Plant & Grow Woodland Forest Kit എന്ന ഉൽപ്പന്നത്തിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്.

Safvana Jouhar

കുട്ടികൾക്ക് ചെടികൾ വളർത്താൻ പഠിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ക്രാഫ്റ്റ് കിറ്റ് ആസ്ബെസ്റ്റോസ് സാന്നിധ്യമുണ്ടെന്ന ആശങ്കയെ തുടർന്ന് വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. ലോകത്തിലെ ഏറ്റവും അപകടകാരികളായ വസ്തുക്കളിലൊന്നായ ആസ്ബെസ്റ്റോസ് കിറ്റിനുള്ളിലെ നിറമുള്ള മണലിൽ അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പ്.

The Creativity for Kids Plant & Grow Woodland Forest Kit എന്ന ഉൽപ്പന്നത്തിലാണ് ആശങ്ക ഉയർന്നിരിക്കുന്നത്. കിറ്റിൽ ഉപയോഗിച്ച നിറമുള്ള മണലിന്റെ സാമ്പിളുകളിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി തിരിച്ചുവിളിക്കൽ നടപടി സ്വീകരിച്ചത്. ന്യൂസിലൻഡിൽ പരിശോധിച്ച ചില ഉൽപ്പന്ന സാമ്പിളുകളിൽ ആസ്ബെസ്റ്റോസ് പോസിറ്റീവായതായി അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ ഓസ്‌ട്രേലിയയിലെ സ്പോട്ട്‌ലൈറ്റ് (Spotlight), എക്കേഴ്‌സ്‌ലി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് (Eckersley’s Arts and Crafts) സ്റ്റോറുകളിലൂടെയാണ് ഉൽപ്പന്നം വിറ്റഴിച്ചത്.

പണം തിരികെ നൽകാൻ നിർദേശം

ഉൽപ്പന്നം വാങ്ങിയ മാതാപിതാക്കൾ വാങ്ങിയതിന്റെ തെളിവുമായി ഫേബർ-കാസ്റ്റൽ ഓസ്‌ട്രേലിയൻ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടണം. മുഴുവൻ തുകയും തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു.

കൈനറ്റിക് സാൻഡ്, നിറമുള്ള മണൽ എന്നിവ ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങളിൽ ആസ്ബെസ്റ്റോസ് ആശങ്ക ഉയർന്നതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ സമാനമായ ഉൽപ്പന്നങ്ങൾ നേരത്തെയും വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു.

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ആസ്ബെസ്റ്റോസിന്റെ വളരെ ചെറിയ നാരുകൾ ദീർഘകാലം ശ്വസിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും വർഷങ്ങൾക്കുശേഷമാണ് പ്രകടമാകുന്നത്. തിരിച്ചുവിളിച്ച മണൽ ഉൽപ്പന്നങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നിർദേശിച്ചു. നീക്കം ചെയ്യുന്ന സമയത്ത് ആസ്ബെസ്റ്റോസുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. "ഉൽപ്പന്നത്തിലെ മണലിൽ ആസ്ബെസ്റ്റോസ് അടങ്ങിയിട്ടുണ്ടെങ്കിൽ അത് ആരോഗ്യത്തിന് അപകടസാധ്യത സൃഷ്ടിച്ചേക്കാം," എന്നായിരുന്നു ACCC-യുടെ പ്രസ്താവന.

SCROLL FOR NEXT