ABC News: Matt Roberts
Australia

മരുന്നുകൾക്ക് വില കൂടും; ഓസ്‌ട്രേലിയയിൽ ഫാർമസി ലോബിയുടെ രഹസ്യ ഇടപാടുകൾ പുറത്ത്

ഈ ചർച്ചകൾ ഫാർമസി ഉടമകളുടെ ലാഭം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരട്ടിയാക്കാൻ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Elizabath Joseph

കാൻബെറ: ഓസ്‌ട്രേലിയയിലെ ഫാർമസി ഉടമകളുടെ ശക്തമായ ലോബി ഗ്രൂപ്പായ 'ഫാർമസി ഗിൽഡ് ഓഫ് ഓസ്‌ട്രേലിയ' (Pharmacy Guild of Australia) നടത്തുന്ന രഹസ്യ ഇടപാടുകൾ കാരണം സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കേണ്ട മരുന്നുകൾ നഷ്ടമാകുന്നതായി റിപ്പോർട്ട്. പ്രമുഖ പബ്ലിക് പോളിസി തിങ്ക് ടാങ്കായ ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് (Grattan Institute) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ഫണ്ടർമാരായ ഫാർമസി ഗിൽഡിന്റെ അനാവശ്യ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരുമായി അഞ്ച് വർഷത്തിലൊരിക്കൽ അടച്ചിട്ട മുറികളിൽ വെച്ച് നടത്തുന്ന 'കമ്മ്യൂണിറ്റി ഫാർമസി കരാറുകൾ' വഴി പ്രതിവർഷം 4 ബില്യൺ ഡോളറോളം നികുതിപ്പണമാണ് ഇവർ സ്വന്തമാക്കുന്നത്. യാതൊരുവിധ ബാഹ്യ പരിശോധനകളുമില്ലാതെ നടക്കുന്ന ഈ ചർച്ചകൾ ഫാർമസി ഉടമകളുടെ ലാഭം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇരട്ടിയാക്കാൻ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു സാധാരണ മരുന്നിന്റെ വില പരിശോധിക്കുന്നതിനും തയ്യാറാക്കുന്നതിനുമായി രോഗികളിൽ നിന്നും സർക്കാരിൽ നിന്നും ഈടാക്കുന്ന 9 ഡോളറോളം വരുന്ന 'ഡിസ്പെൻസിങ് ഫീസിന്റെ' (Dispensing Fee) യഥാർത്ഥ ചെലവ് വ്യക്തമാക്കാൻ ഫാർമസി ഗിൽഡ് ഇതുവരെ തയ്യാറായിട്ടില്ല. ഇതുകൂടാതെ ചില മരുന്നുകൾക്ക് ഈടാക്കുന്ന അധിക നിരക്കായ 2.80 ഡോളർ അടിയന്തരമായി നിർത്തലാക്കണമെന്നും, രോഗികൾക്ക് 48 മില്യൺ ഡോളറിന്റെ ലാഭമുണ്ടാക്കിയ 1 ഡോളർ ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ 2029-ഓടെ നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കണമെന്നും ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് ഡയറക്ടർ പീറ്റർ ബ്രെഡൻ ആവശ്യപ്പെട്ടു. മത്സരങ്ങൾ ഒഴിവാക്കാനായി പുതിയ ഫാർമസികൾ നിലവിലുള്ളവയിൽ നിന്നും 10 കിലോമീറ്റർ അകലെ മാത്രമേ സ്ഥാപിക്കാവൂ എന്ന ഗിൽഡിന്റെ കർശനമായ ലൊക്കേഷൻ നിയമങ്ങൾ റദ്ദാക്കണമെന്നും, പകരം ഗ്രാമീണ മേഖലകളിൽ ഫാർമസികൾ ഉറപ്പാക്കാൻ സർക്കാർ നേരിട്ട് സബ്‌സിഡികൾ നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നിലവിലെ കമ്മ്യൂണിറ്റി ഫാർമസി കരാർ അവസാനിക്കുന്ന 2029-ഓടെ ഈ രീതി പൂർണ്ണമായി നിർത്തലാക്കാനോ അല്ലെങ്കിൽ സ്വതന്ത്ര അതോറിറ്റിയെക്കൊണ്ട് നിരക്കുകൾ നിശ്ചയിപ്പിക്കാനോ സർക്കാർ തയ്യാറാകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ ശുപാർശകളിൽ വ്യക്തമായ മറുപടി നൽകാൻ ഫെഡറൽ ആരോഗ്യവകുപ്പ് മന്ത്രി മാർക്ക് ബട്‌ലർ തയ്യാറായിട്ടില്ല.

SCROLL FOR NEXT