ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്   ( റോയിട്ടേഴ്‌സ്: മണ്ടൽ എൻഗാൻ )
Australia

വിമാന ഇന്ധനത്തിനായി ചൈനയുമായി സഹകരിക്കും; ഇന്ധന പ്രതിസന്ധിയിൽ നിർണ്ണായക നീക്കവുമായി പെന്നി വോങ്

ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Elizabath Joseph

ഓസ്‌ട്രേലിയൻ വ്യവസായ മേഖലയ്ക്ക് ആവശ്യമായ വിമാന ഇന്ധനം ഉറപ്പാക്കുന്നതിനായി ചൈനീസ് സർക്കാരുമായി സഹകരിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രി പെന്നി വോങ് അറിയിച്ചു. ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ഏഷ്യ-പസഫിക് മേഖലയിൽ വലിയ ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഓസ്‌ട്രേലിയയിലേക്കുള്ള വിമാന ഇന്ധനത്തിന്റെയും ഡീസലിന്റെയും പ്രധാന കയറ്റുമതിക്കാരായിരുന്നു ചൈന. എന്നാൽ യുദ്ധം തുടങ്ങിയതോടെ ആഭ്യന്തര ആവശ്യങ്ങൾക്കായി ചൈന കയറ്റുമതി നിർത്തിവെച്ചിരുന്നു. ഓസ്‌ട്രേലിയൻ ബിസിനസ് ഗ്രൂപ്പുകളുമായി ചൈനീസ് അധികൃതർ ചർച്ചകൾ നടത്തുന്നത് ഇന്ധന വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണെന്ന് പെണ്ണി വോങ് പറഞ്ഞു. ചൈനയിൽ നിന്നുള്ള വ്യോമയാന ഇന്ധനം ഓസ്‌ട്രേലിയയുടെ വിഭവമേഖലയ്ക്ക് (Resources Sector) അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാദേശിക സന്ദർശനത്തിന്റെ ഭാഗമായി ജപ്പാനിലെ മന്ത്രിമാരുമായും പെന്നി വോങ് ചർച്ചകൾ നടത്തി. വ്യാഴാഴ്ച അവർ ദക്ഷിണ കൊറിയ സന്ദർശിക്കും. ഇന്ധനവും വളവും (Fertiliser) തടസ്സമില്ലാതെ ലഭിച്ചാൽ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് ഏഷ്യയിലെ പ്രധാന ഭക്ഷ്യ-ഊർജ്ജ കയറ്റുമതി രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കൂ എന്ന സന്ദേശമാണ് അവർ നൽകുന്നത്. ദേശീയ താൽപ്പര്യം മുൻനിർത്തി ചൈനയുമായി സഹകരിക്കാവുന്ന മേഖലകളിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT