മെൽബൺ: ഓസ്‌ട്രേലിയയിലുടനീളം 57 ജനറൽ പ്രാക്ടീസ് (GP), സ്കിൻ കാൻസർ ക്ലിനിക്കുകൾ നടത്തുന്ന പ്രമുഖ ശൃംഖലയായ 'പാർട്ണർ ഹെൽത്ത്' കടുത്ത സൈബർ ആക്രമണത്തിന് ഇരയായി. മെൽബൺ, സിഡ്‌നി, കാൻബെറ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, കോഫ്‌സ് ഹാർബർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ 16 ക്ലിനിക്കുകളിൽ നിന്നുള്ള രോഗികളുടെ അതീവ രഹസ്യ സ്വഭാവമുള്ള മെഡിക്കൽ റെക്കോർഡുകൾ ഹാക്കർമാർ മോഷ്ടിച്ചതായി കമ്പനി സ്ഥിരീകരിച്ചു. ജൂൺ 23-നാണ് ആക്രമണം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ഓസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെന്ററുമായും പോലീസുമായും ചേർന്ന് കമ്പനി അന്വേഷണം ആരംഭിക്കുകയും ബാധിക്കപ്പെട്ട രോഗികളെ വിവരമറിയിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
രോഗികളുടെ പേരുകൾ, വിലാസം, ബന്ധപ്പെടേണ്ട വിവരങ്ങൾ എന്നിവയ്ക്ക് പുറമെ മെഡിക്കൽ കൺസൾട്ടേഷൻ കുറിപ്പുകൾ, റഫറൽ കത്തുകൾ, പാത്തോളജി പരിശോധനാ ഫലങ്ങൾ, മെഡികെയർ , സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങൾ എന്നിവയും ചോർന്നവയിൽ ഉൾപ്പെടുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലുള്ള മറ്റ് അഞ്ച് ക്ലിനിക്കുകളിലെ ഡാറ്റ ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചോർത്തപ്പെട്ട വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതോ പരസ്യപ്പെടുത്തുന്നതോ തടയാൻ കമ്പനി ന്യൂ സൗത്ത് വെയ്‌ൽസ് സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക വിലക്ക് ഉത്തരവ് (Interim Injunction) നേടിയിട്ടുണ്ട്. മോഷ്ടിച്ച മെഡിക്കൽ വിവരങ്ങൾ കാണിച്ച് രോഗികളെ ഭീഷണിപ്പെടുത്തിയോ വിശ്വസിപ്പിച്ചോ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രമുഖ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ 'ബൂപ' (Bupa) ഏറ്റെടുക്കാൻ കരാറായതിന് തൊട്ടുപിന്നാലെയാണ് പാർട്ണർ ഹെൽത്തിനെതിരെയുള്ള ഈ സൈബർ ആക്രമണം.