കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനം Swello/ Unsplash
Australia

സോഷ്യൽ മീഡിയ നിരോധനം പാളി; ഓസ്‌ട്രേലിയയിൽ രക്ഷിതാക്കൾ കടുത്ത പ്രതിഷേധത്തിൽ

ടെക് കമ്പനികൾ മനപ്പൂർവ്വം ഈ നിയമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.

Elizabath Joseph

സിഡ്‌നി: കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ഓസ്‌ട്രേലിയ കൊണ്ടുവന്ന ലോകത്തെ ആദ്യത്തെ സോഷ്യൽ മീഡിയ നിരോധന നിയമം പരാജയപ്പെടുന്നതായി ആക്ഷേപം. നിയമം ലംഘിച്ച് കുട്ടികൾ ഇപ്പോഴും സോഷ്യൽ മീഡിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നും ഇത് തടയാൻ ടെക് കമ്പനികൾ തയ്യാറാകുന്നില്ലെന്നുമാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം ഇപ്പോഴും രക്ഷിതാക്കളുടെ മേൽ തന്നെയാണെന്നും സർക്കാർ ഇതിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

തന്റെ 14 വയസ്സുള്ള മകൾ മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഫെലിസിറ്റി വില്യംസ് എന്ന മാതാവ്, ഇതിനെതിരെ ആപ്പിളിനും സ്നാപ്ചാറ്റിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഐക്ലൗഡ് (iCloud) വഴി കുട്ടികൾക്ക് എളുപ്പത്തിൽ ആപ്പുകൾ വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. സ്നാപ്ചാറ്റിൽ ഇപ്പോഴും പ്രായപരിധി '13+' എന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ടെക് കമ്പനികൾ മനപ്പൂർവ്വം ഈ നിയമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. നിയമം പൂർണ്ണമായും നടപ്പിലാക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തുന്നത് 'പരിഹാസ്യമാണ്' എന്ന് നിയമത്തിനായി പ്രചാരണം നടത്തിയ ഗ്രെഗ് അറ്റ്‌വെൽസ് പറഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ കുട്ടികൾ ഫോണുകൾ മാറ്റിവെച്ച് പുറത്തിറങ്ങി കളിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയുടെ ഈ മാതൃക പിന്തുടർന്ന് ഫ്രാൻസും സമാനമായ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്ന് ഇ-സേഫ്റ്റി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT