മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ ഒറിജിൻ എനർജിയുടെ (Origin Energy) നെറ്റ്‌വർക്കിൽ വൻ ഡാറ്റാ ചോർച്ച. മുൻപുള്ളവരും നിലവിലുള്ളവരുമായ ഏകദേശം 9 ലക്ഷത്തോളം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി കമ്പനി സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ പേര്, വിലാസം, ഇമെയിൽ, ജനനത്തീയതി, ഫോൺ നമ്പർ, വൈദ്യുതി ബിൽ വിവരങ്ങൾ എന്നിവയാണ് ചോർന്നത്.
ജൂലൈ ആദ്യം മുതൽ സൈബർ ഭീഷണി നിലനിന്നിരുന്നെങ്കിലും കമ്പനി ഇത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ ജൂലൈ 22-ന് പുതിയ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഡാറ്റാ ചോർച്ച സ്ഥിരീകരിച്ചതും അന്വേഷണം ഊർജ്ജിതമാക്കിയതും. വൻ തോതിലുള്ള ഡാറ്റാ ചോർച്ചയിൽ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച ഒറിജിൻ ചീഫ് എക്സിക്യൂട്ടീവ് ഫ്രാങ്ക് കാലാബ്രിയ (Frank Calabria), തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. സംഭവം ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും ഫോറൻസിക് സൈബർ വിദഗ്ദ്ധരും അന്വേഷിച്ചു വരികയാണ്.