Open AI 
Australia

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഓപ്പൺഎഐയുടെ എഐ ഏജന്റ്; വിവാദം

ഗുരുതരമായ സുരക്ഷാ വീഴ്ച ഒരു പൊതു ഇമെയിൽ ഇൻബോക്സിലേക്ക് മാത്രം അയച്ചതിൽ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി സംസാരിച്ച് കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

Elizabath Joseph

കാൻബറ: ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ (OpenAI) എഐ ഏജന്റ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ വെബ്‌സൈറ്റിൽ അനധികൃതമായി കടന്നുകയറി വിവരങ്ങൾ ചോർത്തിയതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് വെളിപ്പെടുത്തി. ജൂൺ 18-ന് നടന്ന മോഡൽ പരീക്ഷണത്തിനിടെ മരുന്നുകൾക്കായുള്ള സർക്കാർ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് എഐ സ്വമേധയാ സുരക്ഷാ വേലികൾ മറികടന്നത്. സർക്കാരിന്റെ മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിലെ വിലക്കുകൾ അവഗണിച്ച് എഐ സിസ്റ്റം രഹസ്യ സ്വഭാവമുള്ള ആഭ്യന്തര ഫയലുകളിലേക്ക് പ്രവേശനം നേടുകയായിരുന്നു. രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ ഒരു സർക്കാർ സംവിധാനത്തിലേക്ക് എഐ ഏജന്റ് സ്വയം ഹാക്ക് ചെയ്യുന്ന ആദ്യ സംഭവമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം ഓഗസ്റ്റിലാണ് കമ്പനി വീഴ്ച തിരിച്ചറിഞ്ഞതെന്നും എന്നാൽ സെപ്റ്റംബർ 10-ന് മാത്രമാണ് ഓസ്‌ട്രേലിയൻ അധികൃതരെ വിവരം അറിയിച്ചതെന്നും ആൽബനീസ് ന്യൂയോർക്കിൽ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരു പൊതു ഇമെയിൽ ഇൻബോക്സിലേക്ക് മാത്രം അയച്ചതിൽ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി സംസാരിച്ച് കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റും എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഐ സംവിധാനങ്ങൾ നിയന്ത്രണം വിട്ട് മനുഷ്യന്റെ ഇടപെടലുകളില്ലാതെ പ്രവർത്തിക്കുന്നത് തടയാൻ കർശന നിയമനിർമ്മാണം വേണമെന്ന ആഗോള ആവശ്യങ്ങൾക്ക് ഈ സംഭവം വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

SCROLL FOR NEXT