കാൻബറ: മൂന്ന് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 7.5 ലക്ഷം പേരുടെ വൻ വെട്ടിക്കുറവ് വരുത്തുമെന്ന വിവാദ നയരേഖ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ തീവ്ര വലതുപക്ഷ പാർട്ടിയായ വൺ നേഷൻ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദഗ്ദ്ധ തൊഴിലാളികളുടെ കുടുംബങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പാർട്ടി നേതാവ് പോളിൻ ഹാൻസൻ പുറത്തിറക്കിയ പദ്ധതി. പാർട്ടി നിർദ്ദേശപ്രകാരം വാർഷിക വിദ്യാർത്ഥി വിസകൾ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി ഒരു ലക്ഷമാക്കി മാറ്റും. കൂടാതെ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന വർക്ക് വിസകളുടെ എണ്ണം 2.7 ലക്ഷത്തിൽ നിന്ന് 40,000 ആയി കുറയ്ക്കാനും വ്യവസ്ഥയുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വിദഗ്ദ്ധ കുടിയേറ്റ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്ക് നൽകുന്ന വിസ പൂർണ്ണമായി നിർത്തലാക്കുമെന്നും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും നയരേഖ വ്യക്തമാക്കുന്നു. സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിലെ ഗവേഷകർക്കായി 'ഹൈ-വാല്യു' വിസ ഏർപ്പെടുത്തുമെങ്കിലും ഐടി, ബിസിനസ്സ് തുടങ്ങിയ കോഴ്സുകൾക്ക് വിസ കർശനമാക്കും. അതേസമയം, വൺ നേഷന്റെ ഈ നീക്കം രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ഭരണകക്ഷിയായ ലേബർ പാർട്ടിയും ബിസിനസ്സ് സമൂഹവും മുന്നറിയിപ്പ് നൽകി.