പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ഓസ്‌ട്രേലിയയിലെ വയോധികർ  Towfiqu barbhuiya/ Unsplash
Australia

ജീവിതച്ചെലവും വീട്ടുവാടകയും താങ്ങാനാകുന്നില്ല;പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ഓസ്‌ട്രേലിയയിലെ വയോധികർ

പുതിയ കണക്കുകൾ പ്രകാരം, വിരമിച്ച ദമ്പതികൾക്ക് സൗകര്യപ്രദമായ ജീവിതം നയിക്കാൻ പ്രതിവർഷം 78,998 ഡോളറും ഒറ്റയ്ക്ക് കഴിയുന്നവർക്ക് 56,166 ഡോളറും ആവശ്യമാണ്.

Elizabath Joseph

സിഡ്നി: ജീവിതച്ചെലവ് കുതിച്ചുയരുകയും പലിശനിരക്കുകൾ 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തതോടെ, ജീവിക്കാൻ വഴിയില്ലാതെ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ വിരമിച്ച മുതിർന്ന പൗരന്മാർ. സ്വന്തമായി വീടോ കാര്യമായ സൂപ്പർആനുവേഷൻ (Superannuation) സമ്പാദ്യമോ ഇല്ലാത്തവർക്ക് നിലവിലെ ഏജ് പെൻഷൻ തുക കൊണ്ട് മാത്രം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് പരാതി.

വാടകയും ചികിത്സാച്ചെലവുകളും ഇന്ധനവിലയും താങ്ങാനാവാതെ കാരവാനുകളിൽ കഴിയേണ്ടി വരുന്നവരുടെയും, ചെലവ് ചുരുക്കാനായി രാജ്യം വിട്ട് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് താമസം മാറേണ്ടി വരുന്നവരുടെയും എണ്ണം വർദ്ധിച്ചുവരികയാണ്.

സിഡ്നിയിൽ മകന്റെ വാടകവീടിന് മുന്നിൽ 25 വർഷം പഴക്കമുള്ള കാരവാനിൽ കഴിയുന്ന കാതറിൻ മോറിസ് ഉൾപ്പെടെയുള്ളവർ തങ്ങളുടെ ദുരിതാവസ്ഥ തുറന്നുപറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും പണപ്പെരുപ്പവും കാരണം സാധാരണ ജീവിതം നയിക്കാൻ പോലും സാധിക്കുന്നില്ലെന്നും അതിജീവനത്തിനപ്പുറം മാന്യമായി ജീവിക്കാൻ പെൻഷൻ തുക ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഗോൾഡ് കോസ്റ്റിലെ ഉയർന്ന ജീവിതച്ചെലവ് താങ്ങാനാവാതെ ഇന്തോനേഷ്യയിലെ ബത്താം ദ്വീപിലേക്ക് താമസം മാറ്റിയ 78-കാരനായ റോബർട്ട് ഡോണെല്ലി, 58 വർഷത്തിലധികം രാജ്യത്തിനായി ജോലി ചെയ്തിട്ടും സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

അസോസിയേഷൻ ഓഫ് സൂപ്പർആനുവേഷൻ ഫണ്ട്സ് ഓഫ് ഓസ്‌ട്രേലിയയുടെ (ASFA) പുതിയ കണക്കുകൾ പ്രകാരം, വിരമിച്ച ദമ്പതികൾക്ക് സൗകര്യപ്രദമായ ജീവിതം നയിക്കാൻ പ്രതിവർഷം 78,998 ഡോളറും ഒറ്റയ്ക്ക് കഴിയുന്നവർക്ക് 56,166 ഡോളറും ആവശ്യമാണ്. എന്നാൽ നിലവിലെ മുഴുവൻ ഏജ് പെൻഷൻ തുക ഇതിനേക്കാൾ പതിനായിരക്കണക്കിന് ഡോളർ താഴെയാണ്. ലേബർ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പെൻഷൻ തുകയിലും റെന്റ് അസിസ്റ്റൻസിലും വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും സർക്കാർ വക്താവ് വ്യക്തമാക്കിയെങ്കിലും, വാടകക്കാരായ വയോധികർക്ക് ഇത് ഒട്ടും പര്യാപ്തമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

SCROLL FOR NEXT