കാൻബറ: ഓസ്‌ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് ഇനി പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസിനായി വർഷത്തിൽ നൂറുകണക്കിന് ഡോളർ അധികം നൽകേണ്ടി വരും. ബുധനാഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രീ-ബജറ്റ് പ്രസംഗത്തിലാണ് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വയോജനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ നൽകിയിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ (Rebates) നിർത്തലാക്കുമെന്നും യുവാക്കൾക്ക് തുല്യമായ തുക ഇനി ഇവർക്കും ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പരിഷ്കാരത്തിലൂടെ ഏകദേശം 3.2 മില്യൺ ആളുകൾക്ക് പ്രതിവർഷം ശരാശരി 226 മുതൽ 255 ഡോളർ വരെ ചിലവ് വർദ്ധിക്കും. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാരിന് 3 ബില്യൺ ഡോളർ ലാഭിക്കാൻ സാധിക്കും. ഈ തുക വയോജന പരിചരണ (Aged Care) മേഖലയിലെ മറ്റ് സേവനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. 2004-ൽ ജോൺ ഹോവാർഡ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഈ ആനുകൂല്യം ഇന്നത്തെ സാഹചര്യത്തിൽ തുടരാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധം:
ജീവിതച്ചിലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വയോജനങ്ങളെ സർക്കാർ ലക്ഷ്യം വെക്കുന്നത് ക്രൂരമാണെന്ന് ഷാഡോ മന്ത്രി ആൻ റസ്റ്റൺ പറഞ്ഞു. ആരോഗ്യ സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായത്തിൽ ഇൻഷുറൻസ് ഉപേക്ഷിക്കാൻ ഇത് ആളുകളെ പ്രേരിപ്പിക്കുമെന്നും അത് പബ്ലിക് ആശുപത്രികളിൽ വലിയ തിരക്ക് സൃഷ്ടിക്കുമെന്നും അവർ കുറ്റപ്പെടുത്തി. ഏകദേശം 44,000 പേർ ഈ തീരുമാനത്തോടെ പ്രൈവറ്റ് ഇൻഷുറൻസ് ഉപേക്ഷിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, വയോജന പരിചരണ മേഖലയിൽ മറ്റ് ചില ആശ്വാസ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. വീട്ടിലിരുന്ന് പരിചരണം ലഭിക്കുന്നവർക്ക് കുളിക്കാനും മറ്റുമുള്ള സഹായങ്ങൾ (Showering assistance) ഇനി പൂർണ്ണമായും സൗജന്യമായിരിക്കും. ഇതിനായി 1 ബില്യൺ ഡോളറാണ് സർക്കാർ മാറ്റിവെക്കുന്നത്. കൂടാതെ, 2029 മുതൽ പ്രതിവർഷം 5,000 അധിക നേഴ്സിംഗ് ഹോം ബെഡുകൾ നിർമ്മിക്കുമെന്നും ഡിമെൻഷ്യ ബാധിതർക്കായി കൂടുതൽ കെയർ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.