ഡാർവിൻ: സ്പോർട്സ്ബെറ്റ്, ലാഡ്ബ്രോക്സ്, ബെറ്റ്365 ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയയിലെ മുൻനിര ഓൺലൈൻ വാതുവെപ്പ് കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് നോർത്തേൺ ടെറിട്ടറി പാർലമെന്റിൽ പ്രൈവറ്റ് മെമ്പേഴ്സ് ബിൽ. സ്വതന്ത്ര എംഎൽഎ ജസ്റ്റിൻ ഡേവിസ് അവതരിപ്പിക്കുന്ന ബില്ലിനെതിരെ വാതുവെപ്പ് കമ്പനികളുടെ പരമോന്നത സമിതിയായ റെസ്പോൺസിബിൾ വേജറിംഗ് ഓസ്‌ട്രേലിയ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം മുൻനിര വാതുവെപ്പ് കമ്പനികളും നോർത്തേൺ ടെറിട്ടറിയിലാണ് ലൈസൻസ് എടുത്തിരിക്കുന്നത് എന്നതിനാൽ, ഈ നിയമം പാസായാൽ രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കൾക്ക് ഇത് ബാധകമാകും.
യുവാക്കൾക്കിടയിലെ വാതുവെപ്പ് ശീലം തടയാൻ പ്രായപരിധി അടിസ്ഥാനമാക്കി പ്രതിമാസ ഡെപ്പോസിറ്റ് പരിധി നിശ്ചയിക്കുന്നതാണ് പ്രധാന നിർദ്ദേശം. 18 മുതൽ 21 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം പരമാവധി $500 ഉം, 22 മുതൽ 24 വയസ്സുവരെയുള്ളവർക്ക് $1,000 ഉം ആയിരിക്കും നിക്ഷേപ പരിധി. കൂടാതെ, പുതിയ കളിക്കാരെ ആകർഷിക്കാനുള്ള ഓഫറുകൾ (Inducements) പൂർണ്ണമായി നിരോധിക്കാനും കുട്ടികൾ കാണാൻ സാധ്യതയുള്ള മാധ്യമങ്ങളിൽ പരസ്യങ്ങൾ വിലക്കാനും ബിൽ ശുപാർശ ചെയ്യുന്നു. നിയമലംഘനം നടത്തുന്ന വാതുവെപ്പ് ഏജൻസികൾക്ക് റെഗുലേറ്ററി അതോറിറ്റിക്ക് ചുമത്താവുന്ന പരമാവധി പിഴ നിലവിലെ $1,94,000-ൽ നിന്ന് $10 മില്യൺ (ഏകദേശം 55 കോടി രൂപ) അല്ലെങ്കിൽ വാർഷിക വരുമാനത്തിന്റെ 10 ശതമാനമായി ഉയർത്തും. ഫെഡറൽ എംപിമാർ ഉൾപ്പെടെ 33 സന്നദ്ധ സംഘടനകൾ ബില്ലിനെ അനുകൂലിക്കുന്നുണ്ട്.
എന്നാൽ, പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന ഈ നടപടി സങ്കീർണ്ണമായ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുമെന്നും, ഉപഭോക്താക്കളെ യാതൊരു സുരക്ഷയുമില്ലാത്ത നിയമവിരുദ്ധ വിദേശ വാതുവെപ്പ് വെബ്‌സൈറ്റുകളിലേക്ക് (Offshore gambling sites) തള്ളിവിടാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും ആർഡബ്ല്യുഎ വക്താവ് വാദിച്ചു. നിർദ്ദേശങ്ങൾ പരിശോധിക്കുമെങ്കിലും ചൂതാട്ടക്കാരെ അനധികൃത പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് എൻടി അറ്റോർണി ജനറൽ മേരി-ക്ലെയർ ബൂത്ത്ബിയും വ്യക്തമാക്കി. അതേസമയം, അടുത്ത ബുധനാഴ്ച പാർലമെന്റിൽ എത്തുന്ന ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്.