ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള (NT) ഡാലി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി മേയർ ബ്രയാൻ പെഡ്‌വെൽ (Brian Pedwell). കാലങ്ങളായി തദ്ദേശീയ സമൂഹങ്ങൾ ആവശ്യപ്പെടുന്ന പ്രളയ പ്രതിരോധ സംവിധാനങ്ങളോ സുരക്ഷിതമായ താമസസൗകര്യങ്ങളോ ഒരുക്കുന്നതിൽ ഫെഡറൽ-സ്റ്റേറ്റ് സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
കനത്ത മഴയെത്തുടർന്ന് നാവുയു (Nauiyu) ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗ മേഖലകളിൽ നിന്ന് മുന്നൂറോളം പേരെ ഡാർവിനിലെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഓരോ തവണ പ്രളയമുണ്ടാകുമ്പോഴും നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് ജനങ്ങളെ തളർത്തുന്നുവെന്നും, വീടുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന പത്തു വർഷത്തെ ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നും മേയർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയങ്ങൾ പതിവാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.