(Supplied: Geosciences Australia)
Northern Territory

ഭൂചലനത്തിൽ വിറച്ച് ഡാർവിനും പരിസര പ്രദേശങ്ങളും; വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഈസ്റ്റ് തിമോറിലെ ലോസ്പാലോസിന് 103Km വടക്കുകിഴക്കായി 143Km ആഴത്തിലായിരുന്നു.

Safvana Jouhar

നോർത്തേൺ ടെറിട്ടറി തലസ്ഥാനമായ ഡാർവിനിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വീടുകളും കെട്ടിടങ്ങളും കുലുങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. ഇന്തോനേഷ്യയുടെയും ഈസ്റ്റ് തിമോറിന്റെയും സമീപ ദ്വീപുകളിൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ ഡാർവിനിൽ പതിവായി അനുഭവപ്പെടാറുണ്ടെങ്കിലും ശനിയാഴ്ച രാത്രി 7.15ഓടെ ഉണ്ടായ ഭൂചലനം പതിവിലേറെ ശക്തമായിരുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഈസ്റ്റ് തിമോറിലെ ലോസ്പാലോസിന് 103 കിലോമീറ്റർ വടക്കുകിഴക്കായി 143 കിലോമീറ്റർ ആഴത്തിലായിരുന്നു. Geoscience Australiaയും ഭൂചലനത്തിന്റെ തീവ്രത 6.8 രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ടതായി 1,600ലധികം ആളുകൾ റിപ്പോർട്ട് നൽകിയതായും സ്ഥാപനം അറിയിച്ചു.

നോർത്തേൺ ടെറിട്ടറിയിലെ നിരവധി താമസക്കാർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഷാനിയ റോസ് വീട്ടിലെ അലമാര വാതിലുകൾ ഉൾപ്പെടെ എല്ലാം കുലുങ്ങിയെന്നും തന്റെ നായ ഭയന്ന് അസ്വസ്ഥമായെന്നും പറഞ്ഞു. ഡാർവിനിലെ ബേവ്യൂ പ്രദേശത്ത് താമസിക്കുന്ന കാമി വിലനോവ തനിക്ക് നഗരത്തിൽ അനുഭവപ്പെട്ടതിൽ ഏറ്റവും ശക്തമായ ഭൂചലനമായിരുന്നുവെന്ന് പറഞ്ഞു. “ചുമരുകളും സീലിങ്ങും ചലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു,” അവർ പറഞ്ഞു.

ഡാർവിനിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ തെക്കുകിഴക്കുള്ള കാതറിൻ ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡാർവിനിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ തെക്ക് ഇവാ വാലിയിൽ താമസിക്കുന്ന സൂസൻ ബ്ലൈഗ് സോഫയിൽ ഇരിക്കുമ്പോൾ അത് ചാടുന്നതുപോലെ കുലുങ്ങിയതായി പറഞ്ഞു. “ഞാൻ കാലുകൾ നിലത്ത് വെച്ചപ്പോൾ കോൺക്രീറ്റ് തറ പോലും ചലിക്കുന്നതായി തോന്നി. സീലിങ് ഫാനുകൾ ആടിക്കൊണ്ടിരുന്നു,” അവർ പറഞ്ഞു. ഡാർവിനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പും ചെറിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഡാർവിനിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുള്ള ബാൻഡ കടലിൽ ഉണ്ടായ 6.6 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രകമ്പനങ്ങളായിരുന്നു അന്ന് അനുഭവപ്പെട്ടത്.

(AAP)

SCROLL FOR NEXT