ഡാർവിൻ: ഡാർവിൻ പ്രൈവറ്റ് ഹോസ്പിറ്റൽ ഏറ്റെടുത്ത് നടത്തുന്ന ഏത് സ്വകാര്യ മാനേജ്മെന്റും സമ്പൂർണ്ണ പ്രസവചികിത്സാ സേവനങ്ങൾ നൽകണമെന്ന് നിർബന്ധമാക്കി നോർത്തേൺ ടെറിട്ടറി (NT) സർക്കാർ. പ്രൈവറ്റ് ഗൈനക്കോളജിസ്റ്റുകൾ, മിഡ്വൈഫറി കെയർ എന്നിവയുൾപ്പെടെയുള്ള പ്രസവചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നവർക്ക് മാത്രമേ ആശുപത്രി നടത്തിപ്പിന് അനുമതി നൽകൂ എന്ന് മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർണ്ണായക നിയമനിർമ്മാണം അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
ജനനനിരക്കിലെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി മുൻ ഓപ്പറേറ്റർമാരായ ഹെൽത്ത്സ്കോപ്പ് പ്രസവ വിഭാഗം അടച്ചുപൂട്ടുകയും പിന്നീട് പാപ്പരത്തത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവിൽ കാൽവരി ഹെൽത്ത് കെയർ ആശുപത്രി ഏറ്റെടുക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ കർശന നിലപാട്. പ്രസവ വിഭാഗം തുടങ്ങാൻ സന്നദ്ധതയുള്ളവരെ മാത്രമേ ആശുപത്രി നടത്താൻ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീരുമാനത്തെ ടെറിട്ടറിയിലെ കുടുംബങ്ങൾക്കായുള്ള വലിയ വിജയമായാണ് മാതൃത്വ സംരക്ഷണ സംഘടനകൾ വിശേഷിപ്പിച്ചത്.
എന്നാൽ, മുൻപ് പ്രവർത്തിച്ചിരുന്ന സൗകര്യങ്ങളും ജീവനക്കാരും പൂർണ്ണമായി നിലച്ച സാഹചര്യത്തിൽ പുതിയൊരു മെറ്റേണിറ്റി വാർഡ് സജ്ജമാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്ന് ആശുപത്രിയിൽ 28 വർഷം സേവനമനുഷ്ഠിച്ച മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. ജെന്നി മിച്ചൽ ചൂണ്ടിക്കാട്ടി. മിഡ്വൈഫുമാർ, നഴ്സുമാർ, അനസ്തെറ്റിസ്റ്റുകൾ, ശിശുരോഗ വിദഗ്ദ്ധർ എന്നിവരുടെ കടുത്ത ദൗർലഭ്യവും വലിയ സാമ്പത്തികച്ചെലവും പുതിയ മാനേജ്മെന്റിന് മുന്നിൽ വലിയ വെല്ലുവിളിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.