ABC News: Michael Franchi
Northern Territory

നോർത്തേൺ ടെറിട്ടറിയിൽ കറന്റ് ബില്ലില്ല, ജക്കാന എനർജിക്ക് 33 മില്യൺ ഡോളറിന്റെ കുടിശ്ശിക

മുൻപ് കരുതിയതിലും വലിയ തോതിലാണ് പ്രതിസന്ധി വഷളായതെന്നും തുടക്കത്തിൽ 3,000 ഉപഭോക്താക്കളെ ബാധിക്കുമെന്ന് കരുതിയ പ്രശ്നം ഇപ്പോൾ 5,000 പേരെ ബാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Elizabath Joseph

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ (NT) പരമ്പരാഗത മീറ്ററുകൾക്ക് പകരം അത്യാധുനിക സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലുണ്ടായ സാങ്കേതിക തകരാറുകൾ കാരണം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് മാസങ്ങളോളം വൈദ്യുതി ബില്ലുകൾ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ. സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ ജക്കാന എനർജിയുടെചീഫ് എക്സിക്യൂട്ടീവ് ജോ കോൺവേ എൻ.ടി പാർലമെന്റിലെ ബജറ്റ് വിലയിരുത്തൽ യോഗത്തിലാണ് ഈ വൻ വീഴ്ച സമ്മതിച്ചത്. മുൻപ് കരുതിയതിലും വലിയ തോതിലാണ് പ്രതിസന്ധി വഷളായതെന്നും തുടക്കത്തിൽ 3,000 ഉപഭോക്താക്കളെ ബാധിക്കുമെന്ന് കരുതിയ പ്രശ്നം ഇപ്പോൾ 5,000 പേരെ ബാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

വൈദ്യുതി ഉപയോഗം കൃത്യമായ ഇടവേളകളിൽ രേഖപ്പെടുത്തി വിവരങ്ങൾ തനിയെ റീട്ടെയിലർമാർക്ക് അയക്കുന്ന സംവിധാനമാണ് സ്മാർട്ട് മീറ്ററുകൾ. എന്നാൽ ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്ന 'പവർ ആൻഡ് വാട്ടർ കോർപ്പറേഷൻ' (PWC) സ്ഥാപിച്ച ഈ പുതിയ സ്മാർട്ട് മീറ്ററുകളിൽ നിന്നും വിവരങ്ങൾ കൃത്യമായി ജക്കാന എനർജിക്ക് ലഭിച്ചില്ല. വിവരങ്ങൾ ലഭിക്കാതെ ബില്ലടിക്കാൻ കഴിയില്ലെന്ന് പവർ ആൻഡ് വാട്ടർ കോർപ്പറേഷൻ ചെയർമാൻ പീറ്റർ വിൽസൺ സമ്മതിച്ചു. ഈ വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തിട്ടുണ്ട്. കൃത്യമായ ബില്ലുകൾ ലഭിക്കാത്തതിനെത്തുടർന്ന് ഉപഭോക്താക്കൾ പണം അടയ്ക്കാത്തതിനാൽ ഏപ്രിൽ മാസം വരെയുള്ള കണക്കുകൾ പ്രകാരം 33 മില്യൺ ഡോളറിലധികം (ഏകദേശം 180 കോടിയിലധികം ഇന്ത്യൻ രൂപ) കുടിശ്ശികയാണ് ജക്കാന എനർജിക്ക് ലഭിക്കാനുള്ളത്.

പൊതുജനങ്ങളെ വലച്ച് അപ്രതീക്ഷിത വൈദ്യുതി വിച്ഛേദിക്കൽ:

ബില്ലുകൾ നൽകാതിരുന്നതിനെ തുടർന്ന് കുടിശ്ശിക വരികയും, പിന്നീട് ഒന്നിച്ച് വലിയ തുക അടയ്ക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെ പല സാധാരണക്കാരുടെയും വൈദ്യുതി ബന്ധം കമ്പനി വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 1,842 വീടുകളിലെയും 153 ചെറുകിട സ്ഥാപനങ്ങളിലെയും ഉൾപ്പെടെ 1,995 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധമാണ് ജക്കാന വിച്ഛേദിച്ചത്. ആലീസ് സ്പ്രിങ്സ് (Alice Springs) പോലുള്ള മേഖലകളിൽ ഒരു ഒറ്റയ്ക്കുള്ള അമ്മ ഉൾപ്പെടെയുള്ള സാധാരണക്കാർ ഇതിനാൽ കടുത്ത ദുരിതം അനുഭവിച്ചതായി സ്വതന്ത്ര എം.എൽ.എ റോബിൻ ലാംബ്ലി (Robyn Lambley) പാർലമെന്റിൽ ചൂണ്ടിക്കാട്ടി. 2030-ഓടെ സംസ്ഥാനത്തുടനീളം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്; വരും ദിവസങ്ങളിൽ ഇത്തരം സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ ഇരു കമ്പനികളും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT