നോർത്തേൺ ടെറിട്ടറിയിൽ ഈ പദവി നേടുന്ന ആദ്യ പ്രദേശമാണിത്.  (hotograph: @domandjesso/Tourism & Events NT)
Northern Territory

ഓസ്ട്രേലിയയിലെ മൂന്നാമത്തെ ‘ഡാർക്ക് സ്കൈ സാങ്ച്വറി’യായി കർലു കർലു

വെളിച്ച മലിനീകരണം വളരെ കുറവുള്ളതും രാത്രിയിലെ ആകാശം അസാധാരണമായി തെളിഞ്ഞുകാണുന്നതുമായ പ്രകൃതിദത്ത പ്രദേശങ്ങൾക്കാണ് International Dark Sky Sanctuary പദവി നൽകുന്നത്.

Safvana Jouhar

നോർത്തേൺ ടെറിട്ടറിയിലെ പ്രശസ്തമായ പ്രകൃതിദത്ത കേന്ദ്രമായ കർലു കർലു കൺസർവേഷൻ റിസർവ് (Devils Marbles) അന്താരാഷ്ട്ര ഡാർക്ക് സ്കൈ സാങ്ച്വറിയായി ഔദ്യോഗികമായി അംഗീകരിച്ചു. നോർത്തേൺ ടെറിട്ടറിയിൽ ഈ പദവി നേടുന്ന ആദ്യ പ്രദേശവും ഓസ്ട്രേലിയയിലെ മൂന്നാമത്തെ സ്ഥലവുമാണ് കർലു കർലു. ടെന്നന്റ് ക്രീക്കിന് ഏകദേശം 100 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന കർലു കർലു ഏകദേശം 1,800 ഹെക്ടർ വിസ്തൃതിയുള്ള സംരക്ഷിത മേഖലയാണ്. പുരാതന ഗ്രാനൈറ്റ് പാറക്കൂട്ടങ്ങൾക്കാണ് ഈ പ്രദേശം പ്രധാനമായും പ്രശസ്തം. റിസർവിന്റെ ഭൂരിഭാഗവും കയറ്റെറ്റ്യേ, വരുമുങ്കു, വാൾപിരി, അല്യാവാറ എന്നീ തദ്ദേശീയ സമൂഹങ്ങൾക്ക് പവിത്രവും സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ളതുമായ സ്ഥലമാണ്.

വെളിച്ച മലിനീകരണം വളരെ കുറവുള്ളതും രാത്രിയിലെ ആകാശം അസാധാരണമായി തെളിഞ്ഞുകാണുന്നതുമായ പ്രകൃതിദത്ത പ്രദേശങ്ങൾക്കാണ് International Dark Sky Sanctuary പദവി നൽകുന്നത്. ശാസ്ത്രീയ, പരിസ്ഥിതി, വിദ്യാഭ്യാസ, സാംസ്കാരിക പ്രാധാന്യവും ഇത്തരം പ്രദേശങ്ങളുടെ അംഗീകാരത്തിൽ പരിഗണിക്കപ്പെടുന്നു. ലോകത്ത് നിലവിൽ 24 സ്ഥലങ്ങൾക്കു മാത്രമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. കർലു കർലുവിന് മുമ്പ് ഓസ്ട്രേലിയയിൽ ഈ അംഗീകാരം ലഭിച്ച മറ്റ് രണ്ട് സ്ഥലങ്ങൾ സൗത്ത് ഓസ്ട്രേലിയയിലെ Arkaroola Wilderness Sanctuaryയും ക്വീൻസ്‌ലാൻഡിലെ Australian Age of Dinosaurs Museum of Natural Historyയുമാണ്. ഇവ യഥാക്രമം 2023ലും 2019ലുമാണ് ഡാർക്ക് സ്കൈ സാങ്ച്വറിയായി അംഗീകരിക്കപ്പെട്ടത്.

കർലു കർലു ഏകദേശം 1,800 ഹെക്ടർ വിസ്തൃതിയുള്ള സംരക്ഷിത മേഖലയാണ്.

നോർത്തേൺ ടെറിട്ടറി ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശീയ ഉടമകളുടെയും പ്രാദേശിക കൗൺസിലുകളുടെയും പിന്തുണയോടെയാണ് അംഗീകാരത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. അംഗീകാരം നേടുന്നതിനായി നോർത്തേൺ ടെറിട്ടറി പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് ഒരു വർഷം നീണ്ട വിപുലമായ നടപടിക്രമമാണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആറ് മാസത്തോളം രാത്രിയിലെ ആകാശത്തിന്റെ ഇരുട്ടിന്റെ തോത് അളക്കുകയും, കൃത്രിമ വെളിച്ചത്തിന്റെ നിലവാരം പരിശോധിക്കുകയും ഭാവിയിലെ വികസനങ്ങൾ രാത്രിയിലെ ആകാശത്തെ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്തുകയും ചെയ്തു. ഈ അംഗീകാരം രാത്രിയിലെ ആകാശത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് നോർത്തേൺ ടെറിട്ടറി പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഫിലിപ്പ് കോവൻ പറഞ്ഞു. കർലു കർലുവിലെ ആകാശം ലോകത്തിലെ ഏറ്റവും ഇരുണ്ട ആകാശങ്ങളിൽ ഒന്നാണെന്നും വെളിച്ച മലിനീകരണമില്ലാതെ ക്ഷീരപഥവും നക്ഷത്രരാശികളും വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിലെ ആകാശത്തെ വെളിച്ച മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നത് തദ്ദേശീയ ജീവജാലങ്ങൾക്ക് ഗുണകരമാണെന്നും മനുഷ്യരുടെ ആരോഗ്യത്തിനും ഇത് സഹായകരമാണെന്നും കോവൻ വ്യക്തമാക്കി. ടൂറിസം ആൻഡ് ഇവന്റ്സ് NT ചീഫ് എക്സിക്യൂട്ടീവ് സുസാന ബിഷപ്പ് ഈ അംഗീകാരം വിനോദസഞ്ചാര മേഖലയ്ക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കും ഒരുപോലെ മികച്ച വാർത്തയാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരം പ്രദേശത്തെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുമെന്നും, നക്ഷത്രങ്ങൾ നിറഞ്ഞ തെളിഞ്ഞ ആകാശം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് പുതിയ അനുഭവം നൽകാൻ ഇതിലൂടെ കഴിയുമെന്നും അവർ പറഞ്ഞു.

SCROLL FOR NEXT