Source: Alex Guillaume/Unsplash
Northern Territory

രാജ്യത്ത് ഏറ്റവും കൂടുതൽ സന്തുഷ്ടർ നോർത്തേൺ ടെറിട്ടറിയിൽ

ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി രാജ്യവ്യാപകമായി 15,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ വിപുലമായ സർവേയിലാണ് ഈ കണ്ടെത്തൽ.

Elizabath Joseph

ഡാർവിൻ: ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോർത്തേൺ ടെറിട്ടറിയിലെ (NT) ജനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നതെന്ന് പുതിയ പഠനം. ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി രാജ്യവ്യാപകമായി 15,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ വിപുലമായ സർവേയിലാണ് ഈ കണ്ടെത്തൽ. നോർത്തേൺ ടെറിട്ടറിയിൽ നിന്നുള്ള പങ്കാളികളിൽ 75.3 ശതമാനം പേരും തങ്ങൾ പൂർണ്ണമായോ വളരെ അധികമോ സന്തോഷവാന്മാരാണെന്ന് രേഖപ്പെടുത്തി.

ദേശീയതലത്തിൽ ഓസ്‌ട്രേലിയക്കാരുടെ പൊതുവായ സന്തോഷ നിരക്ക് 69 ശതമാനമായിരിക്കെയാണ് നോർത്തേൺ ടെറിട്ടറി ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, വിക്ടോറിയ പ്രവിശ്യയിലെ ജനങ്ങളാണ് സന്തോഷത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് (65.9%). ടെറിട്ടറി നിവാസികൾക്ക് പ്രകൃതിയോടുള്ള കടുത്ത ആഭിമുഖ്യവും ഡാർവിൻ പോലുള്ള നഗരങ്ങളിലെ സാംസ്കാരിക വൈവിധ്യവുമാണ് ഈ ഉയർന്ന സന്തോഷ നിരക്കിന് കാരണമെന്ന് ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫസർ ടിം കാവഗ്നാരോ (വിലയിരുത്തി. നോർത്തേൺ ടെറിട്ടറിയിലെ ജനങ്ങൾ വലിയ തോതിൽ വിനോദ മീൻപിടിത്തത്തിൽ ഏർപ്പെടുന്നതും, ഇവിടുത്തെ ശാന്തവും തിരക്കില്ലാത്തതുമായ ജീവിതശൈലിയും ജനങ്ങളുടെ മാനസിക ഉല്ലാസത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പ്രാദേശിക കൂട്ടായ്മകളും സാക്ഷ്യപ്പെടുത്തുന്നു.

ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ കുറവ്; ജീവിതച്ചെലവ് പ്രധാന വില്ലൻ:

സന്തോഷത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും സ്വന്തം പ്രവിശ്യയുടെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുടെ (Optimism) കാര്യത്തിൽ ടെറിട്ടറി നിവാസികൾ വളരെ പിന്നിലാണ്. നോർത്തേൺ ടെറിട്ടറിയുടെ ഭാവി ദിശാബോധത്തിൽ വിശ്വാസമുണ്ടെന്ന് രേഖപ്പെടുത്തിയത് വെറും 23.3 ശതമാനം ആളുകൾ മാത്രമാണ്. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഈ പട്ടികയിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയാണ് (47%) ഏറ്റവും മുന്നിലുള്ളത്. മേഖലയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സുരക്ഷാപ്രശ്നങ്ങളും, കടുത്ത ജീവിതച്ചെലവും , മികച്ച ആരോഗ്യപരിരക്ഷയുടെ കുറവുമാണ് തങ്ങളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രധാന ആശങ്കകളായി ടെറിട്ടറി നിവാസികൾ സർവേയിൽ ചൂണ്ടിക്കാണിച്ചത്.

SCROLL FOR NEXT