ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ (NT) ഈ ആഴ്ച അതിശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. വടക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി ടൈമർ കടൽ, ഗൾഫ് ഓഫ് കാർപെന്റാരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്.
ബുധനാഴ്ച രാവിലെ വരെ ന്യൂനമർദം നിലവിലുള്ള സ്ഥാനത്ത് തന്നെ തുടരാൻ സാധ്യതയുള്ളതിനാൽ വടക്കൻ എൻ.ടി-യിൽ അതിശക്തമായ മഴ തുടരും.
ബുധനാഴ്ച രാവിലെയോടെ പലയിടങ്ങളിലും 300 മുതൽ 500 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇത് 500 മില്ലിമീറ്ററിന് മുകളിലായേക്കാം.
ആഴ്ചയുടെ പകുതിയോടെ ഈ ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കിംബർലി (Kimberley) മേഖലയിലേക്ക് പ്രവേശിക്കും.
പിൽബറയുടെ (Pilbara) വടക്കൻ തീരത്തേക്ക് നീങ്ങുന്നതോടെ 'ട്രോപ്പിക്കൽ ലോ 21U' ഒരു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിരീക്ഷകർ മുൻകൂട്ടി കാണുന്നുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രളയസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.