ഡാർവിൻ: നോർതേൺ ടെറിറ്ററിയുടെ സാമ്പത്തിക വികസനവും ഭാവി പദ്ധതികളും ചർച്ച ചെയ്യുന്നതിനായി രാഷ്ട്രീയ, വ്യവസായ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ ഇന്ന് ഡാർവിനിൽ നടക്കുന്ന അഞ്ചാമത് 'ഫ്യൂച്ചർ നോർതേൺ ടെറിറ്ററി' ഫോറത്തിൽ പങ്കെടുക്കും. സ്കൈ ന്യൂസും NT News -ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ഫോറം മിൻഡിൽ ബീച്ച് കാസിനോ റിസോർട്ടിലാണ് നടക്കുന്നത്. ഊർജം, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലാളി ക്ഷാമം, ഭവന നിർമാണം, ആരോഗ്യമേഖല, പ്രാദേശിക വികസനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
നോർതേൺ ടെറിറ്ററി മുഖ്യമന്ത്രി ലിയ ഫിനോക്കിയാരോ മുഖ്യപ്രഭാഷണം നടത്തും. ജനസംഖ്യാ വളർച്ചയും ഭാവി വികസന സാധ്യതകളും സംബന്ധിച്ച് ദി ഡെമോഗ്രാഫിക്സ് ഗ്രൂപ്പിന്റെ സഹസ്ഥാപകൻ സൈമൺ ക്യൂസ്റ്റൻമാച്ചർ വിശകലനം അവതരിപ്പിക്കും. സ്കൈ ന്യൂസിന്റെ ഡാർവിൻ ബ്യൂറോ ചീഫ് മാറ്റ് കന്നിംഗ്ഹാം വിവിധ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകും. ഊർജ മേഖലയിലെ ഭാവിയെക്കുറിച്ചുള്ള ചർച്ചയിൽ APA ഗ്രൂപ്പ്, ഡാർവിൻ പോർട്ട്, ടാംബോറൻ റിസോഴ്സസ്, സാന്റോസ് ഓസ്ട്രേലിയ, എനർജി ക്ലബ് NT എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.
ഗ്രാമീണ, വിദൂര പ്രദേശങ്ങളുടെ വികസന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്ന നാഷണൽ ബുഷ് സമ്മിറ്റ് പാനലും ഫോറത്തിന്റെ ഭാഗമാകും. കൂടാതെ 'ഫ്യൂച്ചർ 2050' സെഷനിൽ ഡാർവിൻ, പാൽമർസ്റ്റൺ നഗരങ്ങളുടെ ദീർഘകാല വികസന പദ്ധതികൾ ചർച്ച ചെയ്യും. നോർതേൺ ടെറിറ്ററിയുടെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ നയങ്ങൾ, നിക്ഷേപങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് ചർച്ചകൾക്ക് വേദിയൊരുക്കുക എന്നതാണ് ഫോറത്തിന്റെ ലക്ഷ്യം. പരിപാടി ഇന്ന് ഉച്ചയ്ക്ക് 12.30 (AEST) മുതൽ സ്കൈ ന്യൂസിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.