യുവതലമുറയ്ക്ക് വഴികാട്ടിയായി 'ഗ്ലൗസ് ഓഫ് ഹോപ്പ്'  ABC News: Olivana Lathouris
Northern Territory

ബോക്സിംഗിലൂടെ പുതുജീവിതം; നോർത്തേൺ ടെറിട്ടറിയിലെ യുവതലമുറയ്ക്ക് വഴികാട്ടിയായി 'ഗ്ലൗസ് ഓഫ് ഹോപ്പ്'

തടവറകളിലും പ്രാദേശിക തെരുവുകളിലും കഴിയുന്ന യുവാക്കൾക്ക് അച്ചടക്കവും മാനസികാരോഗ്യവും ജീവിതലക്ഷ്യവും പകർന്നുനൽകുകയാണ് ഈ സംരംഭം.

Elizabath Joseph

ഡാർവിൻ: വഴിതെറ്റിപ്പോകുന്ന കൗമാരക്കാരെയും ചെറുപ്പക്കാരെയും കായികരംഗത്തിലൂടെ നേർവഴിക്ക് നയിക്കാൻ പുത്തൻ മാതൃക തീർത്ത് നോർത്തേൺ ടെറിട്ടറിയിലെ തദ്ദേശീയ സന്നദ്ധ കൂട്ടായ്മ. 'ഹൂപ്‌സ് 4 ഹെൽത്ത്' (Hoops 4 Health) നേതൃത്വം നൽകുന്ന 'ഗ്ലൗസ് ഓഫ് ഹോപ്പ്' (Gloves of Hope) സൗജന്യ ബോക്സിംഗ് പരിശീലന പദ്ധതിയാണ് കൗമാരക്കാർക്കിടയിലെ കുറ്റകൃത്യങ്ങളും തടവുശിക്ഷകളും കുറയ്ക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത്. തടവറകളിലും പ്രാദേശിക തെരുവുകളിലും കഴിയുന്ന യുവാക്കൾക്ക് അച്ചടക്കവും മാനസികാരോഗ്യവും ജീവിതലക്ഷ്യവും പകർന്നുനൽകുകയാണ് ഈ സംരംഭം.

റിഥമിക് വ്യായാമങ്ങളിലൂടെ മാനസികാഘാതം (Trauma) നേരിടുന്ന യുവാക്കളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന തെറാപ്പി രീതിയാണ് ബോക്സിംഗ് പരിശീലനത്തിലൂടെ നടപ്പാക്കുന്നതെന്ന് സോഷ്യൽ ഇംപാക്ട് ഡയറക്ടർ മാത്യു ബോൺസൺ പറഞ്ഞു. 10 മുതൽ 14 വയസ്സ് വരെയുള്ള തദ്ദേശീയ (First Nations) ആൺകുട്ടികൾക്കിടയിൽ തടവിലാക്കപ്പെടൽ നിരക്ക് ഏറ്റവും ഉയർന്ന നിലയിലുള്ള നോർത്തേൺ ടെറിട്ടറിയിൽ, മുതിർന്ന മാതൃകാ വ്യക്തിത്വങ്ങളെ മുന്നിൽ നിർത്തി കുട്ടികളെ നേർവഴിക്ക് നടത്താൻ ഈ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ബോക്സിംഗ് എൻടിയുമായി സഹകരിച്ച് ഡാർവിനിലെ മരാര സ്റ്റേഡിയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അമേച്വർ ബോക്സിംഗ് ടൂർണമെന്റും സംഘടിപ്പിച്ചു. ആലീസ് സ്പ്രിംഗ്സ്, കുനുനൂറ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ ഉൾപ്പെടെ പങ്കെടുത്ത ടിക്കറ്റ് വിറ്റുതീർന്ന മത്സരത്തിൽ ആയിരത്തോളം കാണികളാണ് എത്തിയത്. പ്രമുഖ സംഗീത താരം യംഗ് മില്ലയുടെ പ്രകടനവും പരിപാടിയുടെ ഭാഗമായി നടന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച തുക ഗ്ലൗസ് ഓഫ് ഹോപ്പ് പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

SCROLL FOR NEXT