ജാമ്യം ലഭിച്ച ഗോസ്ലിംഗ് സെപ്റ്റംബർ ഒന്നിന് കോടതിയിൽ ഹാജരാകണം. (Luke Gosling)
Northern Territory

NT അഡ്മിനിസ്ട്രേറ്ററെ ആക്രമിച്ചെന്ന കേസിൽ ഫെഡറൽ എംപി ലൂക്ക് ഗോസ്ലിംഗ് അറസ്റ്റിൽ

ജൂലൈ 18ന് ഡാർവിനിൽ നടന്ന NT Thailand Grand Festival-നിടെ ഉണ്ടായതായി പറയപ്പെടുന്ന സംഘർഷത്തെക്കുറിച്ച് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് 54കാരനായ എംപിക്കെതിരെ നടപടി സ്വീകരിച്ചത്.

Safvana Jouhar

ഡാർവിൻ: നോർത്തേൺ ടെറിട്ടറി അഡ്മിനിസ്ട്രേറ്റർ ഡേവിഡ് കോണലിയെ ആക്രമിച്ചെന്നാരോപിച്ച് ഫെഡറൽ ലേബർ എംപി ലൂക്ക് ഗോസ്ലിംഗിനെ പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. ജൂലൈ 18ന് ഡാർവിനിൽ നടന്ന NT Thailand Grand Festival-നിടെ ഉണ്ടായതായി പറയപ്പെടുന്ന സംഘർഷത്തെക്കുറിച്ച് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് 54കാരനായ എംപിക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ രണ്ട് ആക്രമണക്കുറ്റങ്ങളാണ് ഗോസ്ലിംഗിനെതിരെ ചുമത്തിയതെന്ന് നോർതേൺ ടെറിട്ടറി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. കേസിൽ ജാമ്യം ലഭിച്ച ഗോസ്ലിംഗ് സെപ്റ്റംബർ ഒന്നിന് കോടതിയിൽ ഹാജരാകണം.

കുറ്റം ചുമത്തുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ നോർതേൺ ടെറിട്ടറി പൊലീസിന്റെ അന്വേഷണവുമായി താൻ പൂർണമായി സഹകരിക്കുന്നതായി ഗോസ്ലിംഗ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ആക്രമണക്കുറ്റം സംബന്ധിച്ച ആരോപണങ്ങൾ ഗോസ്ലിംഗ് ശക്തമായി നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനം ഡേവിഡ് കോണലിയെ നോർതേൺ ടെറിട്ടറി അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിന് പിന്നാലെ അഭിനന്ദിച്ചതിന് ശേഷം അദ്ദേഹവുമായി യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഗോസ്ലിംഗ് അന്ന് പറഞ്ഞിരുന്നു. 2016 മുതൽ സോളമൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോസ്ലിംഗ് മുൻ ആർമി കമാൻഡോ കൂടിയാണ്. ലേബറിന്റെ പ്രതിരോധം, വെറ്ററൻസ് അഫയേഴ്സ്, വടക്കൻ ഓസ്ട്രേലിയ എന്നിവയുടെ പ്രത്യേക ദൂതനായും അദ്ദേഹം പ്രവർത്തിക്കുന്നു. Medal of the Order of Australia ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ പ്രതികരിക്കവെ, നിയമനടപടി നിലവിൽ പുരോഗമിക്കുകയാണെന്നും അതിനാൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അറിയിച്ചു.

NT അഡ്മിനിസ്ട്രേറ്റർ ഡേവിഡ് കോണലി രാജാവിന്റെ പ്രതിനിധിയാണ്.

നോർതേൺ ടെറിട്ടറി അഡ്മിനിസ്ട്രേറ്റർ ഡേവിഡ് കോണലി രാജാവിന്റെ പ്രതിനിധിയാണ്. ഒരു സംസ്ഥാന ഗവർണർ വഹിക്കുന്നതിന് സമാനമായ ഭരണഘടനാപരമായ ചുമതലയാണ് അദ്ദേഹം നിർവഹിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയെന്ന് തെളിഞ്ഞാൽ നോർതേൺ ടെറിട്ടറി ക്രിമിനൽ കോഡ് പ്രകാരം 14 വർഷം വരെ തടവ് ലഭിക്കാം. സംഭവം നടന്നതായി പറയുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക പരിപാടികളിൽ ഗോസ്ലിംഗും കോണലിയും ഇരുവരും പങ്കെടുത്തിരുന്നു.

SCROLL FOR NEXT