ഡാർവിൻ: ശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എനർജി ഭീമനായ 'ഇൻപെക്‌സ്' കമ്പനിയിലെ അറുന്നൂറിലധികം ജീവനക്കാർ നടത്തുന്ന പണിമുടക്ക് തടയണമെന്ന മാനേജ്‌മെന്റിന്റെ അടിയന്തിര ആവശ്യത്തിന് തിരിച്ചടി. നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിലുള്ള കമ്പനിയുടെ തീരദേശ-കടൽത്തീര എൽ.എൻ.ജി (LNG) പ്ലാന്റുകളിലെ സമരം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കുമെന്നുമുള്ള ഇൻപെക്‌സിന്റെ വാദങ്ങൾ ഫെയർ വർക്ക് കമ്മീഷൻ ഡെപ്യൂട്ടി പ്രസിഡന്റ് മൈക്കൽ ഈസ്റ്റൺ പൂർണ്ണമായും തള്ളി. നിലവിലെ ആഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചിരുന്നത്.
വാർഷിക ശമ്പളത്തിൽ 3 ശതമാനം വർദ്ധനവ് ആവശ്യപ്പെട്ട് ജൂൺ ആദ്യവാരം മുതലാണ് 'ഓഫ്‌ഷോർ അലയൻസ്' യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം ശക്തമാക്കിയത്. പ്രതിദിനം 15 മില്യൺ മുതൽ 22 മില്യൺ ഡോളർ വരെ മൂല്യമുള്ള വാതക ഉൽപ്പാദനം തടസ്സപ്പെടുന്നത് ഓസ്‌ട്രേലിയൻ എൽ.എൻ.ജി കയറ്റുമതിയെ ബാധിക്കുമെന്നും ജപ്പാൻ ഉൾപ്പെടെയുള്ള ഏഷ്യൻ ഉപഭോക്താക്കൾക്ക് ഇന്ധനം കൃത്യസമയത്ത് എത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, വ്യവസായ മേഖലകളിൽ ഇത്തരം ആസൂത്രിതവും അല്ലാത്തതുമായ ഉൽപ്പാദന തടസ്സങ്ങൾ പതിവാണെന്നും, സമരം മൂലം കപ്പലുകളിലേക്ക് ഇന്ധനം നിറയ്ക്കുന്നത് വൈകുന്നത് സാമ്പത്തിക തകർച്ചയായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഉൽപ്പാദന നഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ കോടതിയിൽ വെളിപ്പെടുത്താൻ കമ്പനി തയ്യാറാകാത്തതിനെയും കമ്മീഷൻ വിമർശിച്ചു.
സമരം കാരണം ഡാർവിനിലെ ആശുപത്രികൾ, കെയർ സെന്ററുകൾ എന്നിവടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന ഇൻപെക്‌സിന്റെ വാദവും കോടതി തള്ളി. ഇന്ധന വിതരണത്തിൽ കുറവുണ്ടായാൽ നേരിടാൻ പ്രാദേശിക വൈദ്യുതി ബോർഡായ 'പവർ ആൻഡ് വാട്ടർ കോർപ്പറേഷൻ' ഇതിനകം തന്നെ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അടച്ചിട്ട മുറിയിൽ നടന്ന വിചാരണയിൽ വ്യക്തമായി. നിലവിൽ കമ്പനിയും യൂണിയനും തമ്മിൽ ശമ്പള കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെങ്കിലും, വ്യവസായ മേഖലയിലെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന കരാർ (Enterprise Bargaining Agreement) മാനേജ്‌മെന്റ് അംഗീകരിക്കുന്നത് വരെ തങ്ങളുടെ ഔദ്യോഗിക പണിമുടക്ക് തുടരുമെന്ന് ഓഫ്‌ഷോർ അലയൻസ് വ്യക്തമാക്കി.