ഡാർവിനിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത Dan Kreibich/ Unsplash
Northern Territory

ഡാർവിനിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

ഡാർവിൻ റിവർ ഡാം നിലവിൽ 101 ശതമാനം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും മണ്ണ് പൂർണ്ണമായും വെള്ളം കുടിച്ച് കുതിർന്നിരിക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Elizabath Joseph

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ ഉൾപ്പെടുന്ന ടോപ്പ് എൻഡ് (Top End) മേഖലയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡാർവിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് (Flash Flooding) സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ചീഫ് മിനിസ്റ്റർ ലിയ ഫിനോച്ചിയാരോ അറിയിച്ചു. ഡാർവിൻ റിവർ ഡാം നിലവിൽ 101 ശതമാനം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും മണ്ണ് പൂർണ്ണമായും വെള്ളം കുടിച്ച് കുതിർന്നിരിക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

'നരേൽ' (Narelle) ചുഴലിക്കാറ്റ് നിലവിൽ തീവ്രത കുറഞ്ഞ് ഉഷ്ണമേഖലാ ന്യൂനമർദ്ദമായി മാറിയെങ്കിലും അപകടസാധ്യത ഒഴിഞ്ഞിട്ടില്ല. പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ പ്രതിഭാസം 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് കാരണമാകും. പലയിടങ്ങളിലും 6 മണിക്കൂറിനുള്ളിൽ 120 മിമീ വരെയും, 24 മണിക്കൂറിനുള്ളിൽ 300 മിമീ വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റും നാശനഷ്ടങ്ങൾ വരുത്തിയേക്കാം.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ഹംപ്റ്റി-ഡൂ (Humpty-Doo), ഡാർവിൻ റിവർ എന്നീ പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. ഡാർവിൻ, പാമർസ്റ്റൺ, കാതറിൻ, ജാബിരു തുടങ്ങിയ ഇടങ്ങളിലെല്ലാം കനത്ത മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ കാലാവസ്ഥ അതീവ മോശമാകാൻ സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്ന് ഭരണകൂടം അറിയിച്ചു.

SCROLL FOR NEXT