4 മില്യൺ ഡോളറിലധികം തിരികെ നൽകാൻ നിർബന്ധിതരായി ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റി 
Northern Territory

ശമ്പളം കുറച്ചു നൽകി; ജീവനക്കാർക്ക് 4 മില്യൺ ഡോളറിലധികം തിരികെ നൽകാൻ നിർബന്ധിതരായി യൂണിവേഴ്സിറ്റി

കൃത്യമായ ഒരു സെൻട്രൽ പേറോൾ സംവിധാനമില്ലാത്തതും, ടൈം-ഷീറ്റുകൾ ശരിയായി പ്രോസസ്സ് ചെയ്യാത്തതുമാണ് ഇത്രയും വലിയ സാമ്പത്തിക പിഴവിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ

Elizabath Joseph

ഓസ്‌ട്രേലിയയിലെ പ്രമുഖ സർവ്വകലാശാലയായ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റി തങ്ങളുടെ എണ്ണൂറിലധികം ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളം കുറച്ചു നൽകിയതായി കണ്ടെത്തി. ഇതേത്തുടർന്ന് തൊഴിൽ മേഖലയിലെ നിയന്ത്രണ ഏജൻസിയായ 'ഫെയർ വർക്ക് ഓംബുഡ്‌സ്മാൻ', ബാധിക്കപ്പെട്ട ജീവനക്കാർക്കായി 4 മില്യൺ ഡോളറിലധികം (ഏകദേശം 33 കോടി ഇന്ത്യൻ രൂപ) ശമ്പള കുടിശ്ശികയായി തിരികെ നൽകാൻ സർവ്വകലാശാലയ്ക്ക് കർശന നിർദ്ദേശം നൽകി. 2016-നും 2022-നും ഇടയിൽ നോർത്തേൺ ടെറിട്ടറിയിലെ വിവിധ കാമ്പസുകളിലും സിഡ്‌നി കാമ്പസിലുമായി ജോലി ചെയ്തിരുന്ന 823 താൽക്കാലിക പ്രൊഫഷണൽ-അക്കാദമിക് ജീവനക്കാരെയാണ് ഈ ശമ്പളക്കുറവ് ബാധിച്ചത്.

കൃത്യമായ ഒരു സെൻട്രൽ പേറോൾ സംവിധാനമില്ലാത്തതും, ടൈം-ഷീറ്റുകൾ ശരിയായി പ്രോസസ്സ് ചെയ്യാത്തതുമാണ് ഇത്രയും വലിയ സാമ്പത്തിക പിഴവിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഒപ്പുവെച്ച പ്രത്യേക കരാർ പ്രകാരം ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് ഇതിനകം തന്നെ തുക കൈമാറിയിട്ടുണ്ട്. ഇതിൽ അർഹതപ്പെട്ട ഓവർടൈം അലവൻസുകളും പെനാൽറ്റി നിരക്കുകളും സൂപ്പർആനുവേഷനും ഉൾപ്പെടെ ചില വ്യക്തികൾക്ക് മാത്രം 2,42,000 ഡോളർ വരെയാണ് കുടിശ്ശികയായി ലഭിക്കാനുള്ളത്. ബാക്കി തുക മുഴുവൻ വരുന്ന സെപ്റ്റംബർ മാസത്തോടെ കൊടുത്തുതീർക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

ശമ്പളവിവാദത്തിന് പുറമെ ഈ വർഷം നിരവധി ഭരണപരമായ പ്രതിസന്ധികളിലൂടെയാണ് സർവ്വകലാശാല കടന്നുപോകുന്നത്. 400-ലധികം ടാഫ് വിദ്യാർത്ഥികൾക്ക് കോഴ്‌സ് കഴിഞ്ഞിട്ടും കൃത്യമായ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാതെ വന്നതിനെത്തുടർന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ടാഫ് ചീഫ് എക്സിക്യൂട്ടീവും അടുത്തിടെ രാജി വെച്ചിരുന്നു. ലണ്ടനിൽ പുതിയ കാമ്പസ് തുടങ്ങാനായി 2 മില്യൺ ഡോളർ നിക്ഷേപിച്ച ശേഷമുള്ള പിന്മാറ്റവും സർവ്വകലാശാലയ്ക്ക് ഈ വർഷം വലിയ തിരിച്ചടിയായി.

SCROLL FOR NEXT