ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ (NT) പ്രവർത്തിക്കുന്ന വൻകിട ഖനന കമ്പനികളിൽ നിന്നും ഭൂവുടമകളിൽ നിന്നും നികുതി നിർണ്ണയിക്കാനും തുക ഉയർത്താനും തങ്ങൾക്ക് അധികാരം നൽകണമെന്ന ആവശ്യവുമായി ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ഓഫ് നോർത്തേൺ ടെറിട്ടറി (LGANT). നിലവിലെ പ്രാദേശിക ഭരണകൂട നിയമം അനുസരിച്ച് ഖനന ഭൂമികളുടെ നികുതി നിരക്കുകൾ നിശ്ചയിക്കുന്നത് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ടാണ്. ഇത് മാറ്റി സാധാരണ വസ്തുവകകളുടെ നിരക്ക് നിശ്ചയിക്കുന്നതുപോലെ തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ബാങ്ക്ലി മേഖലയിൽ മാത്രം 2030-ഓടെ 35 ശതകോടി ഡോളറിന്റെ ഖനന വ്യവസായം പ്രതീക്ഷിക്കുമ്പോഴും, അതിൽ നിന്നുള്ള നികുതി വരുമാനം പ്രാദേശിക കൗൺസിലുകൾക്ക് ലഭിക്കുന്നില്ലെന്ന് ബാങ്ക്ലി റീജിയണൽ കൗൺസിൽ മേയർ സിദ് വസിഷ്ത് ചൂണ്ടിക്കാട്ടി. റോഡുകളും പൊതുമുതലുകളും സംരക്ഷിക്കാൻ കൗൺസിലുകൾ പണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ, ക്വീൻസ്‌ലാന്റിലെ ഖനന കമ്പനികൾ നൽകുന്ന ഉയർന്ന നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ നോർത്തേൺ ടെറിട്ടറിയിലെ നികുതി തുക വളരെ കുറവാണ്. എന്നാൽ റോഡ്, തെരുവ് വിളക്കുകൾ, മാലിന്യ സംസ്കരണം തുടങ്ങിയ സേവനങ്ങളൊന്നും കൗൺസിലുകളിൽ നിന്ന് ലഭിക്കാത്തതിനാൽ ഉയർന്ന നികുതി നടപ്പിലാക്കുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മിനറൽസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ (MCA) വ്യക്‌തമാക്കി.