Northern Territory

NTയിൽ സൈനിക പരിശീലനത്തിനിടെ അപകടം; ഒരു സൈനികൻ മരിച്ചു, 5 പേർക്ക് പരിക്ക്

പരിക്കേറ്റ അഞ്ച് സൈനികരിൽ രണ്ട് പേരെ വിമാനമാർഗം റോയൽ ഡാർവിൻ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് പേരെയും തിങ്കളാഴ്ച രാത്രിയിൽ വിമാനമാർഗം ആശുപത്രിയിലേക്ക് മാറ്റി.

Safvana Jouhar

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ സൈനിക പരിശീലനത്തിനിടെ ഒരു ഓസ്‌ട്രേലിയൻ സൈനികൻ മരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. മൗണ്ട് ബണ്ടി ട്രെയിനിങ് ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. ഓസ്‌ട്രേലിയൻ ആർമിയിലെ പുരുഷ സൈനികനാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മരിച്ച സൈനികന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

പരിക്കേറ്റ അഞ്ച് സൈനികരിൽ രണ്ട് പേരെ വിമാനമാർഗം റോയൽ ഡാർവിൻ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് പേരെയും തിങ്കളാഴ്ച രാത്രിയിൽ വിമാനമാർഗം ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പ്രതിരോധ വകുപ്പ് അന്വേഷണം നടത്തുകയാണ്. നോർത്തേൺ ടെറിട്ടറി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണത്തിൽ പ്രതിരോധ വകുപ്പിനെ സഹായിക്കുന്നുണ്ട്.

സംഭവത്തിൽ മരിച്ച സൈനികന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ആവശ്യമായ പിന്തുണ നൽകുമെന്ന് വെറ്ററൻസ് അഫയേഴ്‌സ് മന്ത്രി മാറ്റ് കീഗ് പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിലെ അംഗത്തിന്റെ മരണം എങ്ങനെയായാലും അത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം പ്രതിരോധ സേനാംഗങ്ങൾ നേരിടുന്ന അപകടസാധ്യതകളുടെ ഓർമപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ പ്രതികരിച്ചു. മരിച്ച സൈനികന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ഡാർവിനിൽ നിന്ന് ഏകദേശം 134 കിലോമീറ്റർ തെക്കുകിഴക്കായാണ് മൗണ്ട് ബണ്ടി ട്രെയിനിങ് ഏരിയ സ്ഥിതി ചെയ്യുന്നത്. 1,17,300 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശം ഓസ്‌ട്രേലിയൻ സൈന്യവും സഖ്യരാജ്യങ്ങളിലെ സൈനികരും പരിശീലനത്തിനായി ഉപയോഗിക്കുന്നതാണ്. മുൻപും ഇവിടെ സൈനിക പരിശീലനത്തിനിടെ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനാപകടങ്ങളും ലൈവ്-ഫയർ പരിശീലനത്തിനിടെയുണ്ടായ അപകടങ്ങളുമാണ് മുൻ സംഭവങ്ങളിൽ മരണത്തിന് കാരണമായത്.

SCROLL FOR NEXT