ന്യൂസിലാൻഡ് matrix/ Unsplash
Australia

ന്യൂസിലാൻഡിലേക്ക് ഓസ്‌ട്രേലിയക്കാരുടെ ഒഴുക്ക്; ആഗസ്റ്റിൽ സർവകാല റെക്കോർഡ്

ചരിത്രത്തിൽ ഒരു ആഗസ്റ്റ് മാസത്തിൽ ഓസ്‌ട്രേലിയയിൽ നിന്ന് ഇത്രയധികം ആളുകൾ ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമാണെന്ന് ടൂറിസം ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് റെനെ ഡി മോഞ്ചി

Elizabath Joseph

വെല്ലിംഗ്ടൺ: വിദേശ സഞ്ചാരികളുടെ വരവിൽ കോവിഡ് മുൻപുള്ള റെക്കോർഡുകളെ മറികടന്ന് ന്യൂസിലാൻഡ് ടൂറിസം മേഖല. ആഗസ്റ്റ് മാസത്തിൽ മാത്രം ഓസ്‌ട്രേലിയയിൽ നിന്ന് റെക്കോർഡ് എണ്ണമായ 1,25,600 സഞ്ചാരികളാണ് ന്യൂസിലാൻഡിലെത്തിയത്. ചരിത്രത്തിൽ ഒരു ആഗസ്റ്റ് മാസത്തിൽ ഓസ്‌ട്രേലിയയിൽ നിന്ന് ഇത്രയധികം ആളുകൾ ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമാണെന്ന് ടൂറിസം ന്യൂസിലാൻഡ് ചീഫ് എക്സിക്യൂട്ടീവ് റെനെ ഡി മോഞ്ചി വ്യക്തമാക്കി. ഇന്തോനേഷ്യ കഴിഞ്ഞാൽ ഓസ്‌ട്രേലിയക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്ത രണ്ടാമത്തെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനും ന്യൂസിലാൻഡാണ്.

ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ABS) കണക്കുകൾ പ്രകാരം മുൻവർഷങ്ങളിൽ യഥാക്രമം 1,13,390 (2025), 1,06,450 (2024), 1,12,640 (2019) എന്നിങ്ങനെയായിരുന്നു ആഗസ്റ്റിലെ സഞ്ചാരികളുടെ എണ്ണം. ആഗോളതലത്തിൽ ആഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനിടെ 37 ലക്ഷം വിദേശ സന്ദർശകരെയാണ് രാജ്യം സ്വാഗതം ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 9 ശതമാനം വർദ്ധനവാണ്. മാത്രമല്ല, കോവിഡിന് മുൻപുള്ള 2019-ലെ നിരക്കിന്റെ 95 ശതമാനത്തോളം തിരിച്ചുപിടിക്കാനും ന്യൂസിലാൻഡിന് സാധിച്ചു.

വരാനിരിക്കുന്ന വേനൽക്കാല അവധിക്കാലം മുന്നിൽക്കണ്ട് എക്സ്പീഡിയയുമായി സഹകരിച്ച് ഓസ്‌ട്രേലിയ, യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണ പദ്ധതികൾക്ക് ടൂറിസം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഒക്ടോബറിൽ ആരംഭിച്ച പുതിയ ക്രൂയിസ് സീസണിൽ 642 പോർട്ട് കോളുകളിലായി 2.23 ലക്ഷത്തിലധികം യാത്രക്കാരും ഒരു ലക്ഷത്തോളം ക്രൂ അംഗങ്ങളും രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ. ചൈനീസ് വിപണി ലക്ഷ്യമിട്ട് പ്രമുഖ നടൻ ലി സിയാനെ (Li Xian) ഉൾപ്പെടുത്തി പുതിയ ക്യാമ്പയിനും രാജ്യം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT