AI Road assistance
New South Wales

മൃഗങ്ങൾ റോഡിലിറങ്ങിയാൽ ഡ്രൈവർക്ക് മുന്നറിയിപ്പ്; AI വിദ്യയുമായി ഓസ്‌ട്രേലിയൻ റോഡ് ഗതാഗത വകുപ്പ്

ഏകദേശം അഞ്ച് ലക്ഷം ഡോളർ ചെലവഴിച്ച് ട്രാൻസ്പോർട്ട് ഫോർ ന്യൂ സൗത്ത് വെയ്‌ൽസിലെ സാങ്കേതിക വിഭാഗമാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചെടുത്തത്.

Elizabath Joseph

ക്വീൻബിയൻ: വന്യജീവികൾ വാഹനങ്ങൾ തട്ടി കൊല്ലപ്പെടുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ മുന്നറിയിപ്പ് സംവിധാനമൊരുക്കി ഓസ്‌ട്രേലിയ. കൻബറയ്ക്കും സ്നോയി മൗണ്ടൻസിനും ഇടയിലുള്ള മൊനാരോ ഹൈവേയിലെ (Monaro Highway) മിഷേലാഗോ ഘടകത്തിലാണ് 'പ്രൊട്ടക്റ്റീവ് അനിമൽ വാർണിംഗ് സിസ്റ്റം' (PAWS) എന്ന എഐ റോഡ്‌സൈഡ് വാർണിംഗ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. തെർമൽ, ഒപ്റ്റിക്കൽ ക്യാമറകൾ ഉപയോഗിച്ച് റോഡരികിൽ കംഗാരു, മാൻ, വോംബാറ്റ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാലുടൻ, സമീപത്തുകൂടി വരുന്ന വാഹന ഡ്രൈവർമാർക്കായി റോഡരികിലെ ഡിജിറ്റൽ ബോർഡിൽ "Animal on road slow down" എന്ന സന്ദേശം തെളിയും.

ഏകദേശം അഞ്ച് ലക്ഷം ഡോളർ ചെലവഴിച്ച് ട്രാൻസ്പോർട്ട് ഫോർ ന്യൂ സൗത്ത് വെയ്‌ൽസിലെ സാങ്കേതിക വിഭാഗമാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത മഞ്ഞ ബോർഡുകൾ ഡ്രൈവർമാർ ശ്രദ്ധിക്കാതെ പോകുന്നത് പതിവായതിനാലാണ് മൃഗങ്ങൾ റോഡിലിറങ്ങുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഈ 'സ്മാർട്ട് എഐ സിസ്റ്റം' കൊണ്ടുവന്നതെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് റോഡ്സ് മിനിസ്റ്റർ ജെന്നി ഐറ്റ്ചിസൺ പറഞ്ഞു. ഓസ്‌ട്രേലിയയിൽ പ്രതിവർഷം ഒരു കോടിയോളം മൃഗങ്ങളാണ് വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നത്. അടുത്ത മാസം മുതൽ തുടക്കമിടുന്ന ഈ പരീക്ഷണം വിജയകരമായാൽ മറ്റ് പ്രധാന ഹൈവേകളിലേക്കും കാറുകൾക്കുള്ളിൽ ബ്ലൂടൂത്ത് വഴി തൽസമയ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

SCROLL FOR NEXT