സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളായ സിഡ്‌നിയിലും മെൽബണിലും പ്രോപ്പർട്ടി ലേല വിപണിയിൽ കനത്ത തിരിച്ചടി. ഇരു നഗരങ്ങളിലും ലേലത്തിനെത്തിച്ച വീടുകളിൽ പകുതി പോലും വിറ്റുപോകാത്ത അവസ്ഥയാണെന്ന് പ്രോപ്പർട്ടി റിസർച്ച് സ്ഥാപനമായ 'കോട്ടാലിറ്റി' (Cotality) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ പ്രാഥമിക കണക്കുകൾ പ്രകാരം ദേശീയ ലേല നിരക്ക് 49.2 ശതമാനമായി താഴ്ന്നു. സാധാരണയായി 60 ശതമാനത്തിന് മുകളിലുള്ള നിരക്കാണ് വിപണിയിലെ മികച്ച പ്രകടനമായി കണക്കാക്കുന്നത്.
കണക്കുകൾ പ്രകാരം സിഡ്‌നിയിലെ ലേല നിരക്ക് 47.3 ശതമാനമായി കുറഞ്ഞു. ഇത് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. മെൽബണിൽ 50.2 ശതമാനമാണ് രേഖപ്പെടുത്തിയത്; കോവിഡ് ലോക്ക്ഡൗൺ കാലമായിരുന്ന 2021 സെപ്റ്റംബറിന് ശേഷമുള്ള മെൽബണിലെ ഏറ്റവും മോശം പ്രകടനമാണിത്. ബ്രിസ്ബേനിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (39.3%). എന്നാൽ, അഡ്‌ലെയ്ഡ് 68.7 ശതമാനം നിരക്കോടെ വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. കഴിഞ്ഞ ആഴ്ചയിൽ ലേലത്തിനെത്തിയ വീടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.
ബജറ്റ് പരിഷ്കരണങ്ങളും നിക്ഷേപകരുടെ ആശങ്കയും:
കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയിലെ ഈ പെട്ടെന്നുള്ള ഇടിവിന് പ്രധാന കാരണമെന്ന് എഎംപി (AMP) ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ഡയാന മൗസീന പറഞ്ഞു. 2027 ജൂലൈ മുതൽ നിലവിലുള്ള പഴയ വീടുകളുടെ മേലുള്ള നെഗറ്റീവ് ഗിയറിങ് (Negative Gearing) ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്നും, അത് പുതിയ നിർമ്മാണങ്ങൾക്ക് (New builds) മാത്രമേ ബാധകമാകൂ എന്നുമുള്ള പ്രഖ്യാപനം നിക്ഷേപകരെ പിന്നോട്ട് വലിപ്പിച്ചു. കൂടാതെ ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) ഡിസ്കൗണ്ട് സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളും വിപണിയെ സ്വാധീനിച്ചു. വരും വർഷത്തിൽ വീടുകളുടെ വിലയിൽ 5 ശതമാനത്തോളം ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിപണിയിലെ നിലവിലെ കുറഞ്ഞ നിരക്കുകൾ പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായേക്കാം. അതേസമയം, ഹൗസിങ് മാർക്കറ്റിലെ താൽക്കാലിക ഇടിവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഒരു മാസത്തെ ഡാറ്റ വെച്ച് വിപണിയെ വിലയിരുത്തരുതെന്നും ട്രഷറർ ജിം ചാൽമേഴ്‌സ് വ്യക്തമാക്കി.