(iStock)
New South Wales

സിഡ്‌നിയിലെ നടപ്പാതയിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് പരാതികൾ

ഒക്ടോബർ 7 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.55ഓടെ നറബീൻ ലഗൂൺ ട്രെയിലിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇ-ബൈക്കിലെത്തിയ ഒരാൾ ലൈംഗികമായി സ്പർശിച്ചശേഷം കടന്നുകളഞ്ഞതായി പരാതിയുണ്ട്.

Safvana Jouhar

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ നോർതേൺ ബീച്ചസ് മേഖലയിലുള്ള പ്രശസ്തമായ നറബീൻ ലഗൂൺ ട്രെയിലിലും ബില്ലബോങ് റിസർവിലുമായി മൂന്ന് സ്ത്രീകൾ ലൈംഗികാതിക്രമത്തിനും അനുചിതമായ ലൈംഗിക പരാമർശങ്ങൾക്കും ഇരയായതായി പരാതി. സംഭവങ്ങളിൽ പരസ്പരബന്ധമുണ്ടോയെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അന്വേഷിച്ചുവരികയാണ്. ഒക്ടോബർ 7 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.55ഓടെ നറബീൻ ലഗൂൺ ട്രെയിലിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇ-ബൈക്കിലെത്തിയ ഒരാൾ ലൈംഗികമായി സ്പർശിച്ചശേഷം കടന്നുകളഞ്ഞതായി പരാതിയുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇയാൾ ഫ്ലൂറസന്റ് മഞ്ഞ ഷർട്ടും ഇരുണ്ട നിറത്തിലുള്ള പാന്റ്സുമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3.15ഓടെ ഇതേ നടപ്പാതയിൽ മറ്റൊരു സ്ത്രീയോട് ഒരാൾ അനുചിതമായ ലൈംഗിക പരാമർശങ്ങൾ നടത്തിയതായും പരാതിയുണ്ട്. 17നും 25നും ഇടയിൽ പ്രായമുള്ള, വെളുത്ത നിറവും ഇടത്തരം ശരീരപ്രകൃതിയുമുള്ള വ്യക്തിയെയാണ് പരാതിയിൽ വിവരിച്ചിരിക്കുന്നത്. തവിട്ടുനിറമോ തവിട്ട് കലർന്ന പച്ചനിറമോ ഉള്ള കണ്ണുകൾ, ഒരു കവിളിൽ മറുക്, വശങ്ങളിൽ മുടി നീട്ടിവളർത്തിയ രീതിയിലുള്ള ചെറുതും കൂർത്തതുമായ തവിട്ടുമുടി എന്നിവയാണ് തിരിച്ചറിയൽ വിവരങ്ങൾ. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ബില്ലബോങ് റിസർവിന് സമീപം ഇ-ബൈക്കിലെത്തിയ മറ്റൊരാൾ സ്ത്രീയെ ലൈംഗികമായി സ്പർശിച്ചതായും പരാതിയുണ്ട്. 15–16 വയസ്സുള്ള, ഏകദേശം 175 സെന്റിമീറ്റർ ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള, ചുരുണ്ട സ്വർണനിറമുള്ള മുടിയുള്ള വ്യക്തിയാണ് സംശയനിഴലിലുള്ളത്. ചുവപ്പും വെള്ളയും കലർന്ന ടി-ഷർട്ടാണ് ധരിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർഥിച്ചു. മൂന്ന് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

SCROLL FOR NEXT