New South Wales

ബ്ലൂ മൗണ്ടൻസിൽ കാറിനുള്ളിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു; അഞ്ച് വയസ്സുകാരൻ മരിച്ചു

കാറിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മൂന്ന് കുട്ടികളെയും 40 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീയെയും വഴിയാത്രക്കാരാണ് കണ്ടെത്തിയത്.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിലെ ബ്ലൂ മൗണ്ടൻസിൽ കാറിനുള്ളിൽ മൂന്ന് കുട്ടികൾക്കും ഒരു സ്ത്രീക്കും കുത്തേറ്റ സംഭവത്തിൽ അഞ്ച് വയസ്സുകാരനായ കുട്ടി മരിച്ചു. മറ്റ് രണ്ട് കുട്ടികളും സ്ത്രീയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്ത്രീക്ക് പങ്കുണ്ടെന്നാണ് പൊലീസ് ആരോപണം. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സ്പ്രിങ്‌വുഡിന് സമീപമുള്ള വാലി ഹൈറ്റ്‌സിൽ സംഭവമുണ്ടായത്. കാറിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മൂന്ന് കുട്ടികളെയും 40 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീയെയും വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ഇവർ പ്രദേശവാസികളായ സൈക്കിൾ യാത്രക്കാരുടെ സംഘമാണെന്നാണ് വിവരം.

പൊതുജനങ്ങളിൽ ചിലർ പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനൊപ്പം അടിയന്തര സേവനങ്ങളെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് വയസ്സുകാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് കുട്ടികളെയും സ്ത്രീയെയും പാരാമെഡിക്കുകൾ സ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം വെസ്റ്റ്മീഡ് ആശുപത്രിയിലേക്കും വെസ്റ്റ്മീഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി. മൂവരും ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് മെട്രോപൊളിറ്റൻ ഫീൽഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമ്മീഷണർ പീറ്റർ മക്കെന്ന അറിയിച്ചു. സ്ത്രീയുടെ പരിക്കുകൾ സ്വയം ഏൽപ്പിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണം കാറിനുള്ളിൽ തന്നെയാണ് നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സ്ത്രീ എന്തിനാണ് ആ സ്ഥലത്ത് കാർ പാർക്ക് ചെയ്തതെന്നത് വ്യക്തമല്ലെന്നും അതും അന്വേഷണത്തിന്റെ ഭാഗമാകുമെന്നും മക്കെന്ന പറഞ്ഞു.

സ്ത്രീ സുഖം പ്രാപിച്ചാൽ അവർക്കെതിരെ കൊലപാതകക്കുറ്റവും രണ്ട് കുട്ടികളുടെ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്താൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാരെയും പൊലീസ് അന്വേഷിക്കുന്നില്ല. പ്രദേശത്ത് കുറ്റകൃത്യസ്ഥലം സ്ഥാപിച്ച് അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും കാഴ്ച ഏറെ ആഘാതകരമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ജോൺ നെൽസൺ പറഞ്ഞു. കുട്ടികളുടെ പിതാവിനെ സംഭവത്തെക്കുറിച്ച് വിവരം അറിയിച്ചതായും കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും നെൽസൺ വ്യക്തമാക്കി.

സംഭവത്തിൽ സമൂഹാംഗങ്ങൾ നൽകിയ അടിയന്തര സഹായത്തെ ബ്ലൂ മൗണ്ടൻസ് സിറ്റി കൗൺസിലർ ഡാരൻ റോഡ്രിഗോ അഭിനന്ദിച്ചു. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആദ്യഘട്ടത്തിൽ സഹായവുമായി എത്തിയ പൊതുജനങ്ങൾക്കും അടിയന്തര സേവന പ്രവർത്തകർക്കും നന്ദി അറിയിച്ചു. സിഡ്‌നിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ചെറിയ പട്ടണമാണ് വാലി ഹൈറ്റ്‌സ്. ഏകദേശം 1,188 പേരാണ് ഇവിടെ താമസിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ അടുത്ത ദിവസങ്ങളിലുണ്ടായ നിരവധി കുത്തേറ്റ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ബോണ്ടായി ബീച്ചിൽ 90 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടും, റിവറീന മേഖലയിൽ 23 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടും, വടക്കൻ എൻഎസ്‌ഡബ്ല്യുവിലെ മോൾ റിവറിൽ 70 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ടും പുരുഷന്മാർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ഗാർഹിക പീഡനം തടയാൻ സമൂഹം മുഴുവൻ ചേർന്നുള്ള ശക്തമായ ഇടപെടലിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് മക്കെന്ന പറഞ്ഞു. “ഇനി ഇത് മതിയാക്കണം. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT