(Credit: 7 News)
New South Wales

വന്യജീവി സങ്കേതത്തിലെ ആൽഗ നിറഞ്ഞ ടാങ്കുകൾ; ഡോൾഫിനുകളുടെ ക്ഷേമത്തെക്കുറിച്ച് ആശങ്ക

സർഫിംഗ് ഇതിഹാസം കെല്ലി സ്ലേറ്റർ, ഓസ്‌ട്രേലിയൻ സംഗീത ഐക്കൺ ജോൺ വില്യംസൺ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഇതിനോട് പ്രതികരിച്ചു.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിൽ പാർപ്പിച്ചിരിക്കുന്ന അവസാന ഡോൾഫിനുകളുടെ ആവാസ കേന്ദ്രമായ കോഫ്സ് കോസ്റ്റ് വന്യജീവി സങ്കേതത്തിലെ ആൽഗ നിറഞ്ഞ ടാങ്കുകളുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിസിൽബ്ലോവർ സമുദ്ര മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള മൂന്ന് ഇന്തോ-പസഫിക് ബോട്ടിൽനോസ് ഡോൾഫിനുകൾ പച്ച ആൽഗകളുടെ സ്വാധീനം ദൃശ്യമാകുന്ന വെള്ളത്തിൽ നീന്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ഇവിടെത്തെ ശുചിത്വത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാകുന്നു. ഡോൾഫിനുകളെ തടവിൽ സൂക്ഷിക്കുന്നതിന്റെ ധാർമ്മികതയെക്കുറിച്ച്, പ്രത്യേകിച്ച് ടൂറിസത്തിനും വിനോദത്തിനും വേണ്ടി ഉപയോ​ഗിക്കുന്നതിനെ കുറിച്ചുള്ള പൊതു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

സർഫിംഗ് ഇതിഹാസം കെല്ലി സ്ലേറ്റർ, ഓസ്‌ട്രേലിയൻ സംഗീത ഐക്കൺ ജോൺ വില്യംസൺ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ഇതിനോട് പ്രതികരിച്ചു. ഇരുവരും സാഹചര്യങ്ങളെ വിമർശിക്കുകയും ഇവിടം സന്ദർശിക്കുന്നത് പുനഃപരിശോധിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ആൽഗകൾ യഥാർത്ഥത്തിൽ ഒരു പോസിറ്റീവ് സൂചനയാണെന്ന് മാനേജിംഗ് ഡയറക്ടർ ടിഗ ക്രോസ് പറയുന്നത്. "ആൽഗകളുടെ കാര്യത്തിൽ, ഇത് ഒരു നല്ല സൂചനയാണ്," അവർ പറഞ്ഞു. "ഇത് നല്ല നിലവാരമുള്ള വെള്ളത്തിന്റെ നല്ല സൂചനയാണ്." രാസ സംസ്കരണത്തിന് പകരം പ്രകൃതിദത്ത കടൽജല സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൽ പതിവായി പരിശോധനകൾക്ക് വിധേയമാകുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം മാറിക്കൊണ്ടിരിക്കുന്ന പൊതുജന മനോഭാവം കാരണം വന്യജീവി സങ്കേതം 2018 ൽ അതിന്റെ ഡോൾഫിൻ പ്രജനന പരിപാടി അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഗോൾഡ് കോസ്റ്റിലെ സീ വേൾഡിനെപ്പോലെ, സന്ദർശകർക്ക് ഇപ്പോഴും വെള്ളത്തിൽ ഇറങ്ങാനും ദിവസത്തിൽ രണ്ടുതവണ നടക്കുന്ന സെഷനുകളിൽ ഡോൾഫിനുകളുമായി ഇടപഴകാനും കഴിയും. എന്നാൽ സമ്മർദ്ദം, പെരുമാറ്റത്തിലെ മാറ്റങ്ങൾ, രോഗവ്യാപനം, ശാരീരിക ഉപദ്രവം തുടങ്ങിയ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി, അത്തരം ഇടപെടലുകൾ ഡോൾഫിനുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മൃഗക്ഷേമ വക്താക്കൾ വാദിക്കുന്നു. അനിമൽ ജസ്റ്റിസ് പാർട്ടി അംഗങ്ങൾ കസ്റ്റഡിയിലുള്ള കടൽ മൃഗങ്ങളെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ സുതാര്യതയും ആവശ്യപ്പെട്ടു. ചർച്ച ശക്തമാകുമ്പോൾ, ന്യൂ സൗത്ത് വെയിൽസിലെ ഡോൾഫിനുകളുടെ ദീർഘകാല ഭാവി വ്യക്തമാക്കാൻ അധികാരികളിൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, നിലവിൽ തങ്ങളുടെ കസ്റ്റഡിയിലുള്ള ഡോൾഫിനുകളുടെ സംരക്ഷണം, ആജീവനാന്ത പരിചരണം എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് സങ്കേതം വാദിക്കുന്നു. ഈ വിഷയം ദേശീയ ശ്രദ്ധ നേടുന്നതിനാൽ അന്വേഷണങ്ങളും പൊതുജന പരിശോധനയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

SCROLL FOR NEXT