സിഡ്‌നി: 15 വർഷത്തെ ആസൂത്രണങ്ങൾക്കും ഏഴ് വർഷം നീണ്ട നിർമ്മാണപ്രവർത്തനങ്ങൾക്കും ഒടുവിൽ വെസ്റ്റേൺ സിഡ്‌നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ാം തീയതി യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ബാഡ്‌ജെരീസ് ക്രീക്കിൽ (Badgerys Creek) സ്ഥിതി ചെയ്യുന്ന ഈ അത്യാധുനിക വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വാണിജ്യ സർവീസ് പ്രമുഖ ബജറ്റ് എയർലൈനായ ജെറ്റ്സ്റ്റാർ ആയിരിക്കും നടത്തുക. ഒക്ടോബർ 25 രാവിലെ 11 മണിക്ക് ഇവിടെ നിന്നും ഗോൾഡ് കോസ്റ്റിലേക്കാണ് ആദ്യ വിമാനം പറന്നുയരുക.
യാത്രാ സർവീസുകൾക്ക് മുൻപായി ജൂലൈ 26 മുതൽ വിമാനത്താവളത്തിൽ ചരക്ക് നീക്കങ്ങൾ ആരംഭിക്കും. സിഡ്‌നിയിലെ പഴയ മസ്‌കോട്ട് എയർപോർട്ടിലുള്ളതുപോലെ രാത്രി 11 മുതൽ പുലർച്ചെ 6 മണി വരെയുള്ള യാത്രാ വിലക്കുകൾ പുതിയ വിമാനത്താവളത്തിന് ബാധകമല്ല. നവംബർ 1 മുതൽ 24 മണിക്കൂറും സർവീസ് നടത്താൻ കഴിയുമെന്നത് ഈ വിമാനത്താവളത്തിന്റെ വലിയ മേന്മയാണ്. വർഷത്തിൽ 10 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളത്തിൽ നിന്നും നിലവിൽ ജെറ്റ്സ്റ്റാർ, ക്വാന്റാസ്, സിംഗപ്പൂർ എയർലൈൻസ്, എയർ ന്യൂസിലാൻഡ് എന്നീ നാല് പ്രമുഖ കമ്പനികളാണ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ 23 മുതൽ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലേക്കും ഒക്ടോബർ 26 മുതൽ ഓക്‌ലൻഡിലേക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും.
മെട്രോ റെയിൽ കണക്റ്റിവിറ്റി വൈകിയേക്കും:
സിഡ്‌നിയിലെ പകുതിയോളം ജനങ്ങൾ താമസിക്കുന്ന പടിഞ്ഞാറൻ മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ എയർപോർട്ട് വലിയ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി പറഞ്ഞു. വിമാനത്താവള പദ്ധതിയിലൂടെ പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് പ്രാദേശികമായി സൃഷ്ടിക്കപ്പെട്ടത്.
വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനങ്ങളും പുതിയ M12 മോട്ടോർവേയും ഇതിനകം തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ റെയിൽ ശൃംഖലയുടെ നിർമ്മാണം വൈകുമെന്നാണ് സൂചന. വിമാനത്താവളത്തോടൊപ്പം തന്നെ മെട്രോയും തുറക്കാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നതെങ്കിലും കരാറുകാർ തമ്മിലുള്ള തർക്കങ്ങൾ മൂലം ഇത് 2028 ലേക്ക് നീണ്ടേക്കുമെന്ന് എൻ.എസ്.ഡബ്ല്യു (NSW) പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചിലവഴിക്കാൻ സർക്കാർ തയ്യാറല്ലെന്നും റെയിൽവേ പദ്ധതി വൈകിയാലും സുതാര്യമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ആദ്യഘട്ടങ്ങളിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് സ്വന്തം വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ടി വരും.