സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സംസ്ഥാനത്തെ അണക്കെട്ടുകളും ജലവിതരണ ശൃംഖലകളും നിയന്ത്രിക്കുന്ന ഔദ്യോഗിക ഏജൻസിയായ 'വാട്ടർ എൻഎസ്ഡബ്ല്യു' (WaterNSW) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിർമ്മാണച്ചിലവുകൾ, ഇൻഷുറൻസ് തുകകൾ, പലിശനിരക്കുകൾ എന്നിവ കുത്തനെ ഉയർന്നതോടെയാണ് സ്ഥാപനം തകർച്ചയുടെ വക്കിലെത്തിയത്. ഈ പ്രതിസന്ധി മറികടക്കാൻ കർഷകർക്കുള്ള ജലനിരക്കുകൾ വൻതോതിൽ വർദ്ധിപ്പിക്കാൻ സ്വതന്ത്ര റഗുലേറ്ററി അതോറിറ്റിയായ 'ഐപാർട്ട്' അനുമതി നൽകിയിട്ടുണ്ട്. ജൂലൈ 1 മുതൽ അടുത്ത നാല് വർഷത്തേക്ക് പ്രതിവർഷം ശരാശരി 6.5 ശതമാനം വീതം ജലനിരക്ക് വർദ്ധിക്കും. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ ഇത് ചില മേഖലകളിലെ കർഷകർക്ക് 40 ശതമാനത്തിലധികം അധിക ബാധ്യത വരുത്തിവെക്കും.
ഉദാഹരണത്തിന്, സൗത്ത് കോസ്റ്റ് മേഖലയിലെ ഒരു കർഷകന്റെ വാർഷിക ജലച്ചിലവ് നിലവിലെ 35,860 ഡോളറിൽ നിന്നും 2030 ആകുമ്പോഴേക്കും 52,503 ഡോളറായി (ഏകദേശം 29 ലക്ഷം രൂപ) ഉയരും. ഈ നിരക്കുകൾ താങ്ങാൻ കഴിയാതെ കർഷകർ കൃഷിയും കന്നുകാലി വളർത്തലും ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും, അതോടെ വാട്ടർ എൻഎസ്ഡബ്ല്യു-വിന് ലഭിക്കേണ്ട വരുമാനം വീണ്ടും ഇല്ലാതാകുമെന്നും ബെഗാ വാലി വാട്ടർ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ വിൽ റസ്സൽ ആശങ്ക പ്രകടിപ്പിച്ചു. ഉപഭോക്താക്കൾ കുറയുന്നതിനനുസരിച്ച് സ്ഥാപനത്തിന്റെ നിലനിൽപ്പ് കൂടുതൽ അപകടത്തിലാകുന്ന ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ഐപാർട്ട് തങ്ങളുടെ റിപ്പോർട്ടിൽ 'ഡെത്ത് സ്പൈറൽ' എന്ന് വിശേഷിപ്പിച്ചത്.
ഫണ്ടിംഗ് മോഡൽ പരാജയം; അടിയന്തര അന്വേഷണത്തിന് ശുപാർശ:
കഴിഞ്ഞ വർഷത്തെ ഇടക്കാല തീരുമാനത്തോടെ സ്ഥാപനം ഏകദേശം പാപ്പരത്തത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് വാട്ടർ എൻഎസ്ഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ജോർജ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവായതിനാൽ നിലവിലെ റഗുലേറ്ററി ഫണ്ടിംഗ് രീതികൾ പൂർണ്ണമായി പരാജയമാണെന്നും ഇതിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ വർദ്ധിപ്പിച്ച നിരക്കുകൾ കർഷകർക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും, ജല ലഭ്യത 20 ശതമാനമായി കുറഞ്ഞാൽ ഒരു കർഷകന് പോലും ലാഭകരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും എൻഎസ്ഡബ്ല്യു ഇറിഗേറ്റേഴ്‌സ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡോ. മഡിലൈൻ ഹാർട്ട്‌ലി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, പ്രാദേശിക ജലവിതരണ സേവനങ്ങളെക്കുറിച്ച് സമഗ്രമായ സർക്കാർ പുനഃപരിശോധന നടത്തണമെന്നും ദീർഘകാല സർക്കാർ സബ്‌സിഡികൾ അനുവദിക്കണമെന്നും ഐപാർട്ട് ശുപാർശ ചെയ്തിട്ടുണ്ട്