സിഡ്നി: ഓസ്ട്രേലിയ സന്ദർശനത്തിനെത്തിയ കേരള വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മന്ത്രിയെ വരവേൽക്കുന്നതിനായി ഐഒസി പ്രവർത്തകരും പ്രവാസി സമൂഹത്തിലെ പ്രമുഖരും വിമാനത്താവളത്തിൽ ഒത്തുചേർന്നു.
ഐഒസി നാഷണൽ സെക്രട്ടറി ഷൈബു, ഐഒസി യൂത്ത് ലീഗ് പ്രസിഡന്റ് ഗുരീന്ദർ സിംഗ് ഗാവി, ഐഒസി കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ആന്റണി യേശുദാസൻ, ഐഒസി നാഷണൽ എക്സിക്യൂട്ടീവ് അംഗം ജിൻസ് ജോർജ്, വ്യവസായി ജാക്ക് ചമ്പരിക്ക, വേൾഡ് മലയാളി കൗൺസിൽ (WMC) സെൻട്രൽ കോസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് ഡോ. ബാബു ഫിലിപ്പ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഒഐസിസി (OICC) സിഡ്നി മുൻ പ്രസിഡന്റ് ജോസ് വരാപ്പുഴയും ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹം മന്ത്രിയെ ഷാൾ അണിയിച്ച് ആദരിച്ചു.
വിദേശരാജ്യത്തെ സന്ദർശനത്തിനിടെ ഇത്രയും ഹൃദ്യവും സ്നേഹനിർഭരവുമായ സ്വീകരണം ലഭിക്കുന്നത് ആദ്യമായാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്വീകരണത്തിന് നേതൃത്വം നൽകിയ ഐഒസി പ്രവർത്തകരോടും സന്നിഹിതരായ പ്രവാസി സമൂഹാംഗങ്ങളോടും മന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു.