(File: Brook Mitchell/Getty Images)
New South Wales

ഓസ്‌ട്രേലിയൻ സ്കാൻഡിയം ഖനിക്ക് 400 മില്യൺ ഡോളർ യുഎസ് വായ്പ

ന്യൂ സൗത്ത് വെയിൽസിലെ ഫീഫീൽഡിൽ ലോകത്തിലെ ആദ്യത്തെ പ്രാഥമിക സ്കാൻഡിയം ഖനി സ്ഥാപിക്കാനുള്ള Sunrise Energy Metals പദ്ധതിക്കാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ പിന്തുണ.

Safvana Jouhar

ചൈനയുടെ ആധിപത്യമുള്ള നിർണായക അപൂർവ ധാതുവായ സ്കാൻഡിയത്തിന്റെ ഖനനത്തിനായി ഓസ്‌ട്രേലിയൻ കമ്പനിക്ക് 400 മില്യൺ യുഎസ് ഡോളറിന്റെ ഉപാധികളോടെയുള്ള വായ്പാ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ന്യൂ സൗത്ത് വെയിൽസിലെ ഫീഫീൽഡിൽ ലോകത്തിലെ ആദ്യത്തെ പ്രാഥമിക സ്കാൻഡിയം ഖനി സ്ഥാപിക്കാനുള്ള Sunrise Energy Metals പദ്ധതിക്കാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ പിന്തുണ. വാഷിങ്ടണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖനന മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പെന്റഗൺ പ്രഖ്യാപനം നടത്തിയത്. ഖനനം മുതൽ അന്തിമ ഉൽപ്പന്നം വരെയുള്ള വിതരണ ശൃംഖലയിൽ പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

പ്രതിരോധ, സാങ്കേതിക മേഖലകൾക്ക് നിർണായകം

വിമാന നിർമാണം, പ്രതിരോധ സാങ്കേതികവിദ്യ, 5G, 6G ടെലികമ്മ്യൂണിക്കേഷൻ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിർണായകമായ ധാതുവാണ് സ്കാൻഡിയം. അലുമിനിയത്തെ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ചൂടിനെയും ക്ഷയത്തെയും പ്രതിരോധിക്കുന്നതിനാൽ വിമാന, പ്രതിരോധ മേഖലകളിൽ സ്കാൻഡിയത്തിന് വലിയ പ്രാധാന്യമുണ്ട്. നിലവിൽ മറ്റ് ധാതുക്കളുടെ ഖനനത്തിന്റെ ഉപോൽപ്പന്നമായാണ് സ്കാൻഡിയത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. ലോകത്തിലെ സ്കാൻഡിയം വിതരണത്തിലും സംസ്കരണത്തിലും ചൈനയ്ക്കാണ് വലിയ ആധിപത്യം. പ്രതിരോധ ആവശ്യങ്ങൾക്കുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെയാണ് അമേരിക്ക പുതിയ വിതരണ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്.

അമേരിക്ക-ഓസ്‌ട്രേലിയ നിർണായക ധാതു സഹകരണം

ചൈനയുടെ വിതരണ ആധിപത്യത്തെ നേരിടുന്നതിനായി അമേരിക്കയും ഓസ്‌ട്രേലിയയും നിർണായക ധാതുക്കളിൽ സഹകരണം ശക്തമാക്കുകയാണ്. ഇരു രാജ്യങ്ങളും നിർണായക ധാതു പദ്ധതികളിൽ 1 ബില്യൺ യുഎസ് ഡോളർ വീതം നിക്ഷേപിക്കാനുള്ള കരാറിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. അതേസമയം, Sunrise Energy Metals കഴിഞ്ഞ വർഷം യുഎസ് പ്രതിരോധ-വ്യോമയാന കമ്പനിയായ Lockheed Martin-മായി കരാറിലെത്തിയിരുന്നു. നിർദിഷ്ട ഖനി പ്രവർത്തനം ആരംഭിച്ചാൽ ആദ്യ അഞ്ച് വർഷത്തെ സ്കാൻഡിയം ഉൽപ്പാദനത്തിന്റെ 25 ശതമാനം Lockheed Martin-ന് നൽകാനാണ് കരാർ. അമേരിക്കൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയും ദേശീയ സുരക്ഷയും വ്യാവസായിക ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ നിർണായക ധാതു, ബാറ്ററി പദ്ധതികൾക്കായി 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നും ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

SCROLL FOR NEXT