ABC Illawarra: Justin Huntsdale)
New South Wales

സ്രാവുകളെ തുരത്താൻ ഇനി 'സ്മാർട്ട്' സർഫ് ബോർഡുകൾ; വോളോംഗോങ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ

സ്രാവുകളുടെ മൂക്കിന് സമീപമുള്ള അതീവ സംവേദനക്ഷമതയുള്ള ഇലക്ട്രോ-സെൻസറി സംവിധാനത്തെയാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യം വയ്ക്കുന്നത്

Elizabath Joseph

വോളോംഗോങ്: ഓസ്‌ട്രേലിയൻ തീരങ്ങളിൽ വർദ്ധിച്ചുവരുന്ന സ്രാവ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി ന്യൂ സൗത്ത് വെയ്‌ൽസിലെ ഗവേഷകർ. സർഫ് ബോർഡുകളുടെ അടിയിൽ ഘടിപ്പിക്കുന്ന ഫിന്നുകളിൽ (Fins) സ്രാവുകളെ അകറ്റുന്ന ഇലക്ട്രോമാഗ്നെറ്റിക് സംവിധാനം ഉൾപ്പെടുത്താനാണ് 2.5 മില്യൺ ഡോളറിന്റെ ഈ ഗവേഷണ പദ്ധതി ലക്ഷ്യമിടുന്നത്. യൂണിവേഴ്സിറ്റി ഓഫ് വോളോംഗോങ്, യുഎൻഎസ്ഡബ്ല്യു (UNSW) എന്നിവർ സംയുക്തമായാണ് ഈ സ്മാർട്ട് ഫിന്നുകൾ വികസിപ്പിക്കുന്നത്.

സ്രാവുകളുടെ മൂക്കിന് സമീപമുള്ള അതീവ സംവേദനക്ഷമതയുള്ള ഇലക്ട്രോ-സെൻസറി സംവിധാനത്തെയാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യം വയ്ക്കുന്നത്. ഫിന്നുകളിൽ നിന്ന് പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ സ്രാവുകളെ ആശയക്കുഴപ്പത്തിലാക്കുകയും അവയെ ബോർഡിന് അടുത്തേക്ക് വരുന്നത് തടയുകയും ചെയ്യും. 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഫിന്നുകൾ നിർമ്മിക്കുന്നത്. വെറും 100 ഗ്രാം മാത്രം ഭാരമുള്ള ഫിന്നുകൾക്കുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിക്കുക എന്നതായിരുന്നു ഗവേഷകർ നേരിട്ട പ്രധാന വെല്ലുവിളി.

സ്രാവ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബ്രെറ്റ് കൊനെല്ലൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. സർഫർമാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ കടലിലിറങ്ങാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്രാവുകളെ കൊന്നൊടുക്കാതെ തന്നെ അവയുമായി സഹവർത്തിത്വത്തിൽ കഴിയാൻ ഇത്തരം സാങ്കേതികവിദ്യകൾ വഴിയൊരുക്കും. ഡ്രോണുകൾ, ടാഗിംഗ് തുടങ്ങിയ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന അധിക കവചമായി ഈ സ്മാർട്ട് ഫിന്നുകൾ മാറുമെന്നാണ് പ്രതീക്ഷ. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവ വിപണിയിലെത്തിക്കും.

SCROLL FOR NEXT