സിഡ്‌നിയിലെ നോർത്ത് റൈഡ് സ്വദേശിയായ 85-കാരൻ ക്രിസ് ബാഗ്സാരിയൻ കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം ആറായി. 19 വയസുകാരനും 21 വയസുകാരനും ആയ രണ്ട് യുവാക്കളെയാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മോചനദ്രവ്യം ആവശ്യപ്പെടാനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. 19-കാരനെതിരെ ഡിജിറ്റൽ തെളിവുകൾ കൈമാറാനുള്ള പൊലീസ് ഉത്തരവ് പാലിക്കാത്തതിനുള്ള അധിക കുറ്റവും ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അവരെ അറസ്റ്റ് ചെയ്ത ഇവരെ ബുധനാഴ്ച മൗണ്ട് ഡ്രൂട്ട് ലോക്കൽ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല.
2026 ഫെബ്രുവരി 13-ന് ബാഗ്സാരിയനെ നോർത്ത് റൈഡിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് 11 ദിവസത്തെ തിരച്ചിലിനൊടുവിൽ അദ്ദേഹത്തിന്റെ മൃതദേഹം സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ ഭാഗമായ പിറ്റ് ടൗണിലെ ഒരു ഗോൾഫ് കോഴ്സിന് സമീപത്ത് കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ ബാഗ്സാരിയൻ യഥാർത്ഥ ലക്ഷ്യമല്ലായിരുന്നുവെന്നും, തെറ്റായ വ്യക്തിയെ ലക്ഷ്യമിട്ട (mistaken identity) തട്ടിക്കൊണ്ടുപോകലാണ് സംഭവിച്ചതെന്നുമാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ ശേഷം അദ്ദേഹത്തെ ഡ്യൂറലിലെ ഒരു സുരക്ഷിത കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ചുവെന്നും പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് കമ്മീഷണർ മാൽ ലാന്യൺ അറിയിച്ചു. സംഭവത്തെ അദ്ദേഹം “അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചു.