New South Wales

ഓസ്‌ട്രേലിയയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലൂടെ വലിയ തോതിലുള്ള ന്യൂനമർദ്ദ പാത്തി (Low-pressure trough) കടന്നുപോകുന്നതാണ് മോശം കാലാവസ്ഥയ്ക്ക് കാരണം.

Safvana Jouhar

ന്യൂ സൗത്ത് വേൽസ് (NSW), ക്വീൻസ്ലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ ആഴ്ചാവസാനം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലൂടെ വലിയ തോതിലുള്ള ന്യൂനമർദ്ദ പാത്തി (Low-pressure trough) കടന്നുപോകുന്നതാണ് മോശം കാലാവസ്ഥയ്ക്ക് കാരണം. ഈ സിസ്റ്റം നേരത്തെ തന്നെ സൗത്ത് ഓസ്‌ട്രേലിയയിലും നോർത്തേൺ ടെറിട്ടറിയിലും സമാനമായ കാലാവസ്ഥ സൃഷ്ടിച്ചിരുന്നു.

ന്യൂനമർദ്ദ പാത്തി കിഴക്കോട്ട് നീങ്ങുന്നതിനനുസരിച്ച് പടിഞ്ഞാറ് നിന്ന് കിഴക്കൻ ഭാഗങ്ങളിലേക്ക് മഴയും ഇടിമിന്നലും വ്യാപിക്കും. ബ്രിസ്‌ബേൻ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിൽ ശനിയാഴ്ച ഉച്ചയോടെയോ വൈകുന്നേരത്തോടെയോ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ഈ സിസ്റ്റം ദുർബലമാകുമെങ്കിലും, അന്തരീക്ഷത്തിലെ അസ്ഥിരത കാരണം ക്വീൻസ്ലാൻഡിന്റെ തെക്കൻ ഭാഗങ്ങളിലും എൻ.എസ്.ഡബ്ല്യുവിന്റെ വടക്കൻ ഭാഗങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ട്.

കൂടാതെ, മറ്റൊരു പുതിയ ന്യൂനമർദ്ദ പാത്തി കൂടി രൂപപ്പെടുന്നതിനാൽ ഓസ്‌ട്രേലിയയുടെ മധ്യ, തെക്കൻ മേഖലകളിൽ മഴ വീണ്ടും ശക്തമാകും. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മധ്യ, കിഴക്കൻ, തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ ഈ മഴ തുടരുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ എൻ.എസ്.ഡബ്ല്യു, ക്വീൻസ്ലാൻഡ് എന്നിവിടങ്ങളിൽ കഠിനമായ ഇടിമിന്നലിന് സാധ്യതയേറെയാണെന്ന് കാലാവസ്ഥാ പ്രവചന മാതൃകകൾ വ്യക്തമാക്കുന്നു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളെ തൊട്ടുപോകുന്ന ശീതതരംഗം (Cold front) അന്തരീക്ഷ അസ്ഥിരത വർദ്ധിപ്പിക്കും. ഇത് ടാസ്മാനിയ, വിക്ടോറിയ, എൻ.എസ്.ഡബ്ല്യു എന്നിവിടങ്ങളിലെ മലനിരകളിൽ സീസൺ അവസാനത്തോടടുത്തുള്ള മഞ്ഞുവീഴ്ചയ്ക്ക് കാരണമായേക്കാം. തുടർച്ചയായ ദിവസങ്ങളിൽ ഇടിമിന്നലിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, ബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

SCROLL FOR NEXT