രണ്ടുപേർ കാസിൽ ഹിൽ പൊലീസ് കസ്റ്റഡിയിലും മറ്റൊരാൾ റിവർസ്റ്റോണിലുമാണ്. (Nine)
New South Wales

സിഡ്‌നിയിൽ 11കാരന് വെടിയേറ്റ സംഭവം; മൂന്ന് 18കാരൻമാർ അറസ്റ്റിൽ

രാത്രി വൈകിയും കുട്ടി അമ്മയ്ക്കൊപ്പം ആശുപത്രിയിൽ തുടരുകയായിരുന്നുവെന്ന് ഹിൽസ് ഡിസ്ട്രിക്ട് പൊലീസ് ഏരിയ കമാൻഡ് കമാൻഡർ സൂപ്രണ്ടന്റ് നവോമി മൂർ പറഞ്ഞു.

Safvana Jouhar

സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ നോർവെസ്റ്റിൽ 11 വയസ്സുകാരന് മുഖത്തും കഴുത്തിലും വെടിയേറ്റ സംഭവത്തിൽ മൂന്ന് 18കാരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഹിൽസ് ഡിസ്ട്രിക്ടിലെ ഫെയർവേ ഡ്രൈവിലുള്ള വീട്ടിൽ വെടിവയ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് സ്ഥലത്തുവച്ച് പാരാമെഡിക്കുകൾ ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകിയും കുട്ടി അമ്മയ്ക്കൊപ്പം ആശുപത്രിയിൽ തുടരുകയായിരുന്നുവെന്ന് ഹിൽസ് ഡിസ്ട്രിക്ട് പൊലീസ് ഏരിയ കമാൻഡ് കമാൻഡർ സൂപ്രണ്ടന്റ് നവോമി മൂർ പറഞ്ഞു.

സംഭവം അതീവ ദുഃഖകരമാണെന്നും കുട്ടിയുടെ അമ്മ കടുത്ത മാനസിക വിഷമത്തിലാണെന്നും മൂർ പറഞ്ഞു. വെടിവയ്പ് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് നിലവിൽ സൂചനയില്ലെന്നും അവർ വ്യക്തമാക്കി. പൊലീസ് എത്തുമ്പോൾ വീട്ടിൽ നാല് 18കാരൻമാരും 44കാരിയായ ഒരു സ്ത്രീയും പരിക്കേറ്റ കുട്ടിയും ഉണ്ടായിരുന്നു. ഇവരിൽ മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ഉൾപ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്നവർ അന്വേഷണവുമായി സഹകരിക്കുന്നതായി പൊലീസ് അറിയിച്ചു. രണ്ടുപേർ കാസിൽ ഹിൽ പൊലീസ് കസ്റ്റഡിയിലും മറ്റൊരാൾ റിവർസ്റ്റോണിലുമാണ്.

വെടിവയ്പിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്തെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത തോക്കുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്. പൊലീസ് ഹെലികോപ്റ്റർ സമീപത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽ നിരീക്ഷണം നടത്തി. റയറ്റ് സ്ക്വാഡും സ്ഥലത്തെത്തി. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT