New South Wales

സിഡ്‌നിയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നു; മെൽബണിലെ അവലോണുമായി താരതമ്യം!

സിഡ്‌നിയിലേക്കുള്ള സർവീസുകൾക്കു പുറമേ ബ്രിസ്‌ബെയ്ൻ, അഡ്‌ലെയ്ഡ്, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിലേക്കും വിമാനങ്ങളുണ്ട്. ബാലിയിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ ഈ വർഷം പുനരാരംഭിച്ചിരുന്നു.

Safvana Jouhar

സിഡ്‌നിയിൽ പുതിയ വെസ്റ്റേൺ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വാണിജ്യ സർവീസ് ഈ ഞായറാഴ്ച ആരംഭിക്കും. സിഡ്‌നിയിലെ കിങ്സ്‌ഫോർഡ് സ്മിത്ത് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ വിമാന സർവീസുകളും തിരഞ്ഞെടുപ്പുകളും ലഭ്യമാക്കുന്നതിനുമാണ് പുതിയ വിമാനത്താവളം ലക്ഷ്യമിടുന്നത്. മെൽബണിലെ രണ്ടാമത്തെ വാണിജ്യ വിമാനത്താവളമായ അവലോൺ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും നഗരത്തിലെ പ്രധാന വിമാനത്താവളമായ ടുള്ളമറീനിന് പകരം വലിയ യാത്രാകേന്ദ്രമായി വളരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന് അവലോണിൽ നിന്ന് വ്യത്യസ്തമായ നേട്ടങ്ങൾ കൈവരിക്കാനാകുമോയെന്നാണ് വ്യോമയാന മേഖലയിലെ പ്രധാന ചർച്ച.

AVALON AIRPORT

1952ൽ പ്രധാനമായും സൈനിക വിമാനത്താവളമായി നിർമിച്ച അവലോൺ നിലവിൽ വർഷം 12 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളതാണ്. ഇവിടെ ആഴ്ചയിൽ ഏകദേശം 55 മുതൽ 60 വരെ വാണിജ്യ വിമാന സർവീസുകളുണ്ട്. സിഡ്‌നിയിലേക്കുള്ള സർവീസുകൾക്കു പുറമേ ബ്രിസ്‌ബെയ്ൻ, അഡ്‌ലെയ്ഡ്, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിലേക്കും വിമാനങ്ങളുണ്ട്. ബാലിയിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ ഈ വർഷം പുനരാരംഭിച്ചിരുന്നു.

അതേസമയം, വെസ്റ്റേൺ സിഡ്‌നി വിമാനത്താവളം തുടക്കത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലൂടെ പരിമിതമായ ലക്ഷ്യസ്ഥാനങ്ങളിലേക്കായിരിക്കും വിമാനങ്ങൾ നടത്തുക. ജെറ്റ്‌സ്റ്റാറിനു പുറമേ സിംഗപ്പൂർ എയർലൈൻസ്, എയർ ന്യൂസിലൻഡ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികളും ഇവിടെനിന്ന് സർവീസ് നടത്താൻ തയ്യാറായിട്ടുണ്ട്. വർഷം ഒരു കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ പുതിയ വിമാനത്താവളത്തിന് കഴിയുമെന്നാണ് ഗതാഗത മന്ത്രി കാതറിൻ കിങ് അറിയിച്ചിരിക്കുന്നത്. 2060ഓടെ പ്രതിവർഷം എട്ട് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കാനും പദ്ധതിയുണ്ട്.

വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് 24 മണിക്കൂറും പ്രവർത്തിക്കാനാകുമെന്നതാണ്. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിഡ്‌നിയിലെ പ്രധാന വിമാനത്താവളത്തിൽ രാത്രി 11 മുതൽ രാവിലെ ആറുവരെ നിയന്ത്രണമുണ്ട്. കൂടാതെ, ഒരു മണിക്കൂറിൽ പരമാവധി 80 ടേക്ക് ഓഫുകളും ലാൻഡിങ്ങുകളുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, വെസ്റ്റേൺ സിഡ്‌നിക്ക് ഇത്തരം സമയനിയന്ത്രണങ്ങളില്ല.

യാത്രാസൗകര്യത്തിന്റെ കാര്യത്തിൽ പുതിയ വിമാനത്താവളത്തിന് വെല്ലുവിളികളുണ്ട്. നഗരമധ്യത്തിലേക്ക് നേരിട്ടുള്ള റെയിൽ ബന്ധം 2027ലോ 2028ലോ മാത്രമേ പ്രവർത്തനക്ഷമമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ ആവശ്യവും കണക്ഷൻ വിമാനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ കഴിയുന്നതിനെ ആശ്രയിച്ചായിരിക്കും വിമാനക്കമ്പനികൾ ദീർഘകാലം ഇവിടെ സർവീസ് തുടരുകയെന്ന് ആർഎംഐടി സർവകലാശാലയിലെ വ്യോമയാന വിദഗ്ധ ക്രിസ്റ്റൽ ഴാങ് ചൂണ്ടിക്കാട്ടി.

യാത്രാ സർവീസുകൾക്കു പുറമേ ചരക്കുനീക്കവും ഇരു വിമാനത്താവളങ്ങളുടെയും പ്രധാന പ്രവർത്തനമേഖലയാണ്. ലിൻഫോക്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അവലോൺ വിമാനത്താവളം ചരക്കുനീക്കത്തിനും വ്യാവസായിക പ്രവർത്തനങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കോട്ടൺ ഓൺ ഗ്രൂപ്പ്, ഓസ്‌ട്രേലിയ പോസ്റ്റ്, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടത്തെ വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിലെ 24 മണിക്കൂർ ചരക്കുനീക്ക കേന്ദ്രം ജൂലൈയിൽ തുറന്നിരുന്നു. പ്രതിവർഷം 18 ലക്ഷം ടൺ വരെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ വിമാനത്താവളം വാണിജ്യപരമായി ലാഭകരമാകാൻ പത്തുവർഷം വരെ വേണ്ടിവന്നേക്കാമെന്നും അതുവരെ സർക്കാർ സാമ്പത്തിക പിന്തുണ ആവശ്യമായി വരാമെന്നും സിഡ്‌നി സർവകലാശാലയിലെ വ്യോമയാന വിദഗ്ധൻ റിക്കോ മെർകെർട്ട് അഭിപ്രായപ്പെട്ടു. എന്നാൽ, അവലോൺ വിമാനത്താവളത്തിന് ലിൻഫോക്‌സിന്റെ വിശാലമായ ചരക്കുനീക്ക ശൃംഖലയുടെ ഭാഗമെന്ന നിലയിൽ തന്ത്രപ്രധാനമായ മൂല്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന്റെ ദീർഘകാല വളർച്ചയും യാത്രക്കാരുടെ പ്രതികരണവും മാത്രമേ പുതിയ വിമാനത്താവളത്തിന് സിഡ്‌നിയുടെ വ്യോമഗതാഗത മേഖലയിൽ എത്രത്തോളം മാറ്റം കൊണ്ടുവരാനാകുമെന്ന് വ്യക്തമാക്കൂ.

SCROLL FOR NEXT