സിഡ്‌നി: സിഡ്‌നി നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ ഭൂചലനത്തിൽ വലിയ ശബ്ദത്തോടെ വീടുകൾ കുലുങ്ങിയതായി പ്രദേശവാസികൾ വ്യക്തമാക്കി. സിഡ്‌നിയിൽ നിന്ന് തെക്കുമാറി ഡഗ്ലസ് പാർക്കിനും ആപ്പിനും സമീപം ഭൂമിക്കടിയിൽ മൂന്ന് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ അറിയിച്ചു.
ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ടതായി ചൂണ്ടിക്കാട്ടി നാനൂറോളം പേർ ഇതിനകം അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. കാംപ്‌ബെൽടൗൺ, മെനാംഗിൾ പാർക്ക് തുടങ്ങിയ മേഖലകളിലെ വീടുകളിലും അപ്പാർട്ടുമെന്റുകളിലും ഏകദേശം പത്ത് സെക്കൻഡോളം ശക്തമായ കുലുക്കം അനുഭവപ്പെട്ടു. വാഹനം വീടിന്റെ ഭിത്തിയിൽ വന്നിടിച്ചതുപോലെയും ശക്തമായ കാറ്റടിച്ചതുപോലെയുമാണ് അനുഭവപ്പെട്ടതെന്ന് ഭീതിയിലായ താമസക്കാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.