ABC News: Isobel Roe
New South Wales

സിഡ്‌നി സോഷ്യൽ ഹൗസിംഗിൽ അനധികൃത കടന്നുകയറ്റം;ലഹരിമരുന്ന് ഉപയോഗവും ഭീഷണിയും വർദ്ധിക്കുന്നതായി പരാതി

നിലവിൽ ന്യൂ സൗത്ത് വെയ്ൽസിൽ എഴുപതിനായിരത്തിനടുത്ത് ആളുകളാണ് ഒരു സോഷ്യൽ ഹൗസിംഗ് വീടിനായി വർഷങ്ങളായി വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്

Elizabath Joseph

സിഡ്‌നി: സിഡ്‌നിയിലെ റെഡ്‌ഫേണിൽ സ്വകാര്യ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സോഷ്യൽ ഹൗസിംഗ് (സാമൂഹിക ഭവന പദ്ധതി) ഫ്ലാറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളും പൊതുസ്ഥലങ്ങളും അനധികൃത താമസക്കാർ കൈയേറുന്നതായി പരാതി. ഫ്ലാറ്റിലെ പൂട്ടുപൊളിച്ച് അകത്തുകയറുന്ന ഇവർ കോണിപ്പടികളിലും പൊതുവിടങ്ങളിലും മൂത്രമൊഴിക്കുന്നതായും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം സിറിഞ്ചുകൾ വലിച്ചെറിയുന്നതായും റസിഡന്റുകൾ ആരോപിക്കുന്നു. വിഷയം അതീവ സങ്കീർണ്ണമാണെന്നും ഇത് പരിഹരിക്കുക അത്ര എളുപ്പമല്ലെന്നും ന്യൂ സൗത്ത് വെയ്ൽസ് (NSW) ഭവന നിർമ്മാണ മന്ത്രി റോസ് ജാക്സൺ (Rose Jackson) സമ്മതിച്ചു.

'സെന്റ് ജോർജ് കമ്മ്യൂണിറ്റി ഹൗസിംഗ്' (SGCH) എന്ന പ്രൈവറ്റ് ഓർഗനൈസേഷനാണ് ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല. ഇതിനായി കഴിഞ്ഞ സാമ്പത്തിക വർഷം 44 മില്യൺ ഡോളറോളം സർക്കാർ ഫണ്ട് ഇവർക്ക് ലഭിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫ്ലാറ്റിന് മുന്നിൽ ഇന്റർകോം സംവിധാനത്തോടെയുള്ള സെക്യൂരിറ്റി ഡോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അക്രമികൾ ഇതിന്റെ ലോക്ക് സ്ഥിരമായി തല്ലിപ്പൊളിക്കുകയാണ് ചെയ്യുന്നത്. ഫ്ലാറ്റിലെ പൊതു സ്റ്റോറേജ് റൂമുകൾ വരെ കൈയേറി ഇവർ കിടക്കകളും വസ്ത്രങ്ങളും ഇട്ട് താമസസ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ഒരു അന്തേവാസി ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ മുറി പോലും ഇത്തരക്കാർ കൈയേറിയതിനെത്തുടർന്ന് നിലവിൽ പോലീസ് ഇടപെട്ട് ആ മുറി ബോർഡ് വെച്ച് പൂട്ടിയിരിക്കുകയാണ്.

നിലവിൽ ന്യൂ സൗത്ത് വെയ്ൽസിൽ എഴുപതിനായിരത്തിനടുത്ത് (69,051) ആളുകളാണ് ഒരു സോഷ്യൽ ഹൗസിംഗ് വീടിനായി വർഷങ്ങളായി വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്. ഇതേസമയം തന്നെ സിഡ്‌നി തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനം വർദ്ധനവുമുണ്ടായിട്ടുണ്ട് (2,308 പേർ). അർഹരായ ആളുകൾക്ക് വീട് ലഭിക്കാതെ വരുമ്പോൾ ഇത്തരം ഒഴിഞ്ഞുകിടക്കുന്ന സർക്കാർ മുറികൾ സാമൂഹിക വിരുദ്ധർ കൈയേറുന്നത് തങ്ങളെ പ്രകോപിപ്പിക്കുന്നതായി മുൻപ് ഭവനരഹിതനായിരുന്ന ഒരു അന്തേവാസി മാധ്യമങ്ങളോട് പറഞ്ഞു. ഭവനരഹിതരായ ഈ കടന്നുകയറ്റക്കാരിൽ പലരും കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും ലഹരി വിമുക്ത പ്രശ്നങ്ങളും നേരിടുന്നവരായതിനാൽ മാനുഷിക പരിഗണനയോടെയും പോലീസിന്റെ സഹായത്തോടെയും മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് എസ്‌.ജി.സി.എച്ച് (SGCH) അധികൃതർ വ്യക്തമാക്കി. ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കുന്നവരെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, നിശ്ചിത സമയത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി റോസ് ജാക്സൺ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT